ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ധോണി

06:19 pm 13/1/2017

download (6)download (6)
ദില്ലി: ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാരണം ആദ്യമായി തുറന്നു പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഏകദിനത്തിനും ടെസ്റ്റിനും വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന രീതി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലെന്ന് ധോണി പറഞ്ഞു. അതുകൊണ്ടാണ് താന്‍ ഏകദിന-ടി-20 നായകസ്ഥാനം ഒഴിഞ്ഞതെന്നും ധോണി മാധ്യമങ്ങളോട് പറഞ്ഞു. ഏകദിന, ടി20 നായകസ്ഥാനമെന്നത് വലിയ വെല്ലുവിളിയല്ലെന്നും വിരാട് കൊഹ്‌ലിക്ക് അത് കൈകാര്യം ചെയ്യാനാവുമെന്നും ധോണി പറഞ്ഞു.
കൊഹ്‌ലിയുമായി എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന ചോദ്യത്തിന് ഏത് ടീമിലെയും വിക്കറ്റ് കീപ്പര്‍ ടീമിന്റെ സ്വാഭാവിക വൈസ് ക്യാപ്റ്റനാണെന്ന് ധോണി പറഞ്ഞു. കീപ്പറെന്ന നിലയില്‍ അയാള്‍ക്ക് കളിയെക്കുറിച്ചും ഫീല്‍ഡ് പൊസിഷനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകുമെന്നും ധോണി വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ കൊഹ്‌ലിക്ക് ആവശ്യമായ പിന്തുണയും നിര്‍ദേശങ്ങളും നല്‍കുമെന്നും ധോണി പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി വരെ തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ഇപ്പോള്‍ തന്നെ തീരുമാനം പ്രഖ്യാപിച്ചത്. ചാമ്പ്യന്‍സ് ട്രോഫി വരെ തുടര്‍ന്നിരുന്നെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ചില റെക്കോര്‍ഡുകള്‍ നേടാന്‍ കഴിയുമെങ്കിലും ടീമിന് അത് യാതൊരുപ പ്രയോജനവും ചെയ്യില്ലായിരുന്നു. അതുകൊണ്ടാണ് ഈ സമയം തന്നെ തെരഞ്ഞെടുത്തത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട്.
എന്നാല്‍ വിക്കറ്റിന് പിന്നില്‍ എന്നെക്കാള്‍ നല്ല പ്രകടനം നടത്താന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ചില കാര്യങ്ങള്‍ നമ്മള്‍ കുറച്ചുകൂടി വിശാലമായി കാണണം. അതുപോലെതന്നെയാണ് ഇപ്പോഴും. കൊഹ്‌ലി ക്യാപ്റ്റനാവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും ധോണി പറഞ്ഞു.