ക്യൂന്‍സില്‍ ആദ്യമായി വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

08:46 am 23/9/2016

– പോള്‍ ഡി പനയ്ക്കല്‍
Newsimg1_9703372
ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

പൂര്‍വ്വദേശത്തിന്റെ ആരോഗ്യമാതാവെന്നറിയപ്പെടുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുകയും തിരുനാള്‍ ആഘോഷിക്കുകയും ചെയ്ത് ക്യൂന്‍സ് വില്ലേജിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളി, സംസ്­ക്കാരത്തിലും വംശീയതയിലും ലോകത്തില്‍ ഏറ്റവും വൈവിധ്യമായ നാഗരിക പ്രദേശത്ത് സാരിയുടുത്ത ക്രിസ്തു മാതാവിനെ പരിചയപ്പെടുത്തുകയായിരുന്നു.
ഫിലിപ്പിന്‍സ് ഇന്‍ഡ്യ ശ്രീലങ്ക, ബാംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യക്കാരും സ്പാനിഷുകാരും വിവിധ വംശക്കാരായ അമേരിക്കക്കാരും ചേര്‍ന്നാണ് ഇടവക വികാരി ഫാദര്‍ പാട്രിക് ലോങ്ങെലോങിന്റെയും മലയാളി സഹവൈദീകനായ ഫാദര്‍ റോബര്‍ട്ട് അമ്പലത്തിങ്കലും നേതൃത്വം നല്‍കി ക്യൂന്‍സ് വില്ലേജിനെ സജീവമാക്കിയ തിരുനാള്‍ ആഘോഷം സംഘടിപ്പിച്ചു നടത്തിയത്.

ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളി പ്രദേശത്തെ തെരുവുകളിലൂടെയുള്ള ആഘോഷപൂര്‍ണ്ണമായ പ്രദക്ഷിണത്തോടെയായിരുന്നു ആഘോഷ സായാഹ്നം ആരംഭിച്ചത്. കേരളത്തനിമയില്‍ ചെണ്ടയും മുത്തുക്കുടകളും താലപ്പൊലിയും ബഹുവംശക്കാരായ ഭക്തനിരയും വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപത്തിന് വഴി നയിച്ചു. ഫാദര്‍ പാട്രിക് ലോങ്ങെലോങ്, ഫാദര്‍ റോബര്‍ട്ട് അമ്പലത്തിങ്കല്‍, മോണ്‍സിഞ്ഞോര്‍ കേയ്‌­സി എന്നിവര്‍ ആഘോഷ ദിവ്യബലി അര്‍പ്പിച്ചു. ഇന്‍ഡ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തരൂപം ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് സസൂക്ഷം കൊണ്ടു വരുന്നതിന് യു­ഹോള്‍ എടുത്ത്, മണിക്കൂറുകള്‍ ചെലവഴിച്ചുകൊണ്ടുവന്നതിന്റെ ചാരിതാര്‍ത്ഥ്യവും ആത്മീയ സംതൃപ്തിയും പള്ളി നിറഞ്ഞു കവിഞ്ഞ ഭക്തജന സമൂഹത്തെ കണ്ടപ്പോള്‍ താന്‍ അനുഭവിക്കുന്നുവെന്ന് ഫാദര്‍ പാട്രിക് ലോങെലോങ് പ്രസംഗമധ്യേ പറഞ്ഞു. ഒപ്പം ഫാദര്‍ റോബര്‍ട്ട് അമ്പത്തിങ്കലിന് നന്ദി പറയുകയും ചെയ്തു.
വിവിധ സംസ്­ക്കാരങ്ങളില്‍ നിന്നുള്ള സുലഭമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ജനസമുദായങ്ങള്‍ക്ക് പുതുമയായിരുന്നു.