ക്രിക്കറ്റ് മല്‍സരത്തിനിടെ ഫീല്‍ഡറെ ദേഷ്യം പിടിച്ച ബാറ്റ്‌സ്‌മാന്‍ സ്റ്റംപ് ഊരി എറിഞ്ഞുകൊന്നു.
ബംഗ്ലാദേശിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ചിറ്റഗോങ്ങിനടുത്ത് ഇരു ഗ്രാമങ്ങള്‍ തമ്മില്‍ നടന്ന മല്‍സരത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസല്‍ ഹൊസൈന്‍ എന്ന പതിന്നാലുകാരനാണ് ബാറ്റ്‌സ്‌മാന്റെ എറിയേറ്റ് മരിച്ചത്. ഔട്ടായതിന്റെ ദേഷ്യത്തിലാണ് ബാറ്റുചെയ്‌തയാള്‍ സ്റ്റംപ് ഊരി ഫൈസലിന്റെ നേര്‍ക്ക് എറിയുകയായിരുന്നു. തലയില്‍ സ്റ്റംപ് കൊണ്ട ഫൈസല്‍ അപ്പോള്‍ത്തന്നെ ബോധരഹിതനായി വീണു. ആശുപത്രിയില്‍ എത്തിക്കുംമുമ്പ് തന്നെ മരണം സംഭവിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ബാറ്റുചെയ്‌തയാളെ പൊലീസ് അറസ്റ്റുചെയ്‌തു. ഇയാളെ പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ബംഗ്ലാദേശില്‍ പ്രാദേശിക മല്‍സരങ്ങള്‍ക്കിടെ സംഘര്‍ഷം പതിവാണ്. ഇക്കഴിഞ്ഞ മെയിലും ഒരു മല്‍സരത്തിനിടെ, ക്രിക്കറ്റ് താരം സ്റ്റംപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കളിക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.