ക്രിസ്തുമസ് ആഘോഷമാക്കി മാറ്റുമ്പോള്‍ ക്രിസ്തു അവഗണിക്കപ്പെടുന്നു. മാര്‍പാപ്പ

06:55 pm 25/12/2016

Newsimg1_27825963
വത്തിക്കാന്‍: മനുഷ്യന്‍ ഭൗതികതയോടുള്ള ആസക്തി മൂലം ക്രിസ്തുമസ് ആഘോഷമാക്കി മാറ്റുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന ഭൗതികതയുടെ പിടിയിലാണ് ഇന്നത്തെ ക്രിസ്തുമസ് എന്നും സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കവെ അദ്ദേഹം പറഞ്ഞു. ഭൗതികത മനുഷ്യനെ അന്ധകാരത്തിലേക്കും ഇരുട്ടിലേക്കുമാണ് നയിക്കുന്നത്.

ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യം. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു.

‘അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണ്. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്‍റെ ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും സന്ദേശം ഉള്‍ക്കൊള്ളാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.

അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും ലോകത്തെങ്ങുമുള്ള കുട്ടികള്‍ ഭക്ഷണം ലഭിക്കാതെ മരിക്കുമ്പോള്‍ നാം സമ്പത്ത് ഉപയോഗ ശൂന്യമായ മാര്‍ഗത്തില്‍ ചെലവഴിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.