7:28 am 23/5/2017
കുന്ദാപ്പള്ളി: പുതുതായി പണികഴിപ്പിച്ച ക്രിസ്ത്യൻ പള്ളി ഒരു സംഘമാളുകൾ തല്ലിത്തകർത്തു. തെലുങ്കാന മേഡ്ചൽ ജില്ലയിലെ കുന്ദാപ്പള്ളിയിലെ ലേഡി ഓഫ് ഫാത്തിമ ചർച്ചാണ് ഗ്രാമീണർ തകർത്തത്. ഈ മാസം 13ന് ഹൈദരാബാദ് ആർച്ച് ബിഷപ്പ് റവ.തുമ്മ ബാലയാണ് പള്ളിയുടെ വെഞ്ചരിപ്പ് കർമം നടത്തിയത്.
പള്ളി നിർമാണത്തെ എതിർത്തുകൊണ്ട് അക്രമികൾ പ്രദേശത്തെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒത്തുകൂടിയശേഷമാണ് അക്രമം നടത്തിയതെന്നാണു സൂചന. അക്രമ സമയത്ത് വാച്ച്മാനും അഞ്ചു തൊഴിലാളികളും പള്ളിയുടെ സമീപമുണ്ടായിരുന്നു. പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികൾ ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങൾ വലിച്ചു താഴെയിടുകയും രേഖാചിത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. പള്ളിക്കുള്ളിലുണ്ടായിരുന്ന കസേരകൾ അക്രമി സംഘം തല്ലിത്തകർത്തു.
ഓടിയെത്തിയവരിൽ ഒരാൾ അക്രമം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചെങ്കിലും അക്രമികൾ ഫോണ് പിടിച്ചുവാങ്ങിയശേഷം ഇവരെ ഭീഷണിപ്പെടുത്തിയെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറയുന്നു. ഇതിനുശേഷം അക്രമികൾ പള്ളിവിട്ടുപോയി. സംഭവത്തിൽ പള്ളി അധികൃതർ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്.
പള്ളി പണിയാൻ സ്ഥലം വിട്ടു നൽകിയ ആൾ അനധികൃതമായി ഭൂമിയിൽ കെട്ടിടം നിർമിക്കുകയായിരുന്നെന്ന് അക്രമികൾ അവകാശപ്പെട്ടതായി പോലീസ് അറിയിച്ചു. എന്നാൽ ഇത് പള്ളിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിഷേധിച്ചു.