10:54 am 30/1/2017
– അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ സ്ഥലവും തിയതിയും പുനഃക്രമീരിക്കുന്നു. ജൂണ്‍ 28 ബുധനാഴ്ച മുതല്‍ ജൂലൈ 1 വരെ നടത്തുവാന്‍ ഉദ്ദേശിച്ചിരുന്ന ഫാമിലി കോണ്‍ഫ്രന്‍സ്, ക്‌നാനായ റീജിയണിലെ വിവിധ ഇടവകളില്‍ നിന്നുള്ള അംഗങ്ങളുടെ താല്പര്യം കണക്കിലെടുത്ത് ജൂണ്‍ 30 , ജൂലൈ 1, ജൂലൈ 2 തിയ്യതികളിലേക്ക് മാറ്റുകയും, അതോടൊപ്പം, ഉദ്ദേശിച്ചയത്ര മുറികള്‍ ലഭ്യമാകാതിരിക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ ചിലവില്‍ പങ്കെടുക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍, ഫാമിലി കോണ്‍ഫ്രന്‍സ് ,ചിക്കാഗോയിലെ സെന്റ് മേരീസ് ഇടവക ദൈവാലയത്തിലും സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയത്തിലുമായി നടത്തുവാന്‍ തീരുമാനിച്ചു. മുതിര്‍ന്നവര്‍ക്കായി സെന്റ് മേരീസിലും യുവതീ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി സേക്രട്ട് ഹാര്‍ട്ടിലുമായാണ് ഫാമിലി കോണ്‍ഫ്രന്‍സ് സജ്ജീകരിക്കപ്പെടുക. ഇതുവഴി, കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാനും, രജിസ്‌ട്രേഷന്‍ ഒഴിവാക്കുവാനും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാനും സാധിക്കും. ചിക്കാഗോ സീറോ മലബാര്‍ രൂപത 2017 യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍, കൂടുതല്‍ കുട്ടികളും യുവജനങ്ങളുമുള്ള കുടുംബങ്ങള്‍ക്ക് ഹോട്ടല്‍ ചിലവുകള്‍ പരിമിതപ്പെടുത്തി കൊടുക്കണമെന്നും കുടുംബങ്ങളുടെയും യുവജനങ്ങളുടെയും ഭാഗഭാഗിത്വത്തിനു കൂടുതല്‍ വസരമൊരുക്കുകയും ചെയ്യണമെന്ന് പലഭാഗത്ത് നിന്നും നിര്‍ദേശങ്ങള്‍ വന്ന സാഹചര്യത്തിലാണ് ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.
തിയ്യതിയിലും സ്ഥലത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എങ്കിലും മുന്‍ നിശ്ചയ പ്രകാരം പ്ലാന്‍ ചെയ്ത ഫാമിലി കോണ്ഫറന്‌സിലെ എല്ലാ പരിപാടികളും, പുനഃക്രമീകരിക്കുന്ന ഫാമിലി കോണ്ഫറന്‌സിലും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിച്ച്, ഉച്ച വരെ വചന പ്രഘോഷണവും, ഉച്ച കഴിഞ്ഞു കുടുംബ ജീവിതവും യുവജനങ്ങളുടെയും കുട്ടികളുടെയും പരിശീലനവും ആസ്പദമാക്കി സെമിനാറുകളും, വൈകുന്നേരങ്ങളില്‍ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തില്‍ ബൈബിള്‍ അധിഷ്ഠിതവും, ക്‌നാനായ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതവുമായ കലാ പരിപാടികളുമായി രാത്രി 9 മണിയോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ക്‌നാനായ റീജിയണ്‍ ഡയറക്ടറും ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ മോണ്‍: തോമസ് മുളവനാല്‍, ക്‌നാനായ റീജിയണിലെ ഇടവകളിലും മിഷനുകളിലും വായിക്കുവാനായി അയച്ച സര്‍ക്കുലര്‍ വഴിയാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ പുനഃക്രമീകരങ്ങള്‍ അറിയിച്ചത്. ഫാമിലി കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട് ഇടവകകളിലും മിഷനുകളിലും വിവിധ കമ്മറ്റികള്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുവാനും പരമാവധി കുടുംബങ്ങളുടെ ഭാഗഭാഗിത്വവും, ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രാര്‍ത്ഥയും സഹകരണവും, ഉറപ്പുവരുത്തുവാനും അഭ്യര്‍ത്ഥിക്കുന്നതായി മോണ്‍: തോമസ് മുളവനാല്‍ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഫാമിലി കോണ്‍ഫ്രന്‍സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
ഫാ. തോമസ് മുളവനാല്‍ : 310 709 5111
ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254
ഫാ. ബോബന്‍ വട്ടംപുറത്ത് :773 934 1644
ടോണി പുല്ലാപ്പള്ളി: 630 205 5078.