ന്യൂഡൽഹി: കാലിച്ചന്തകളിൽ കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതിനു രാജ്യവ്യാപകമായി ഏർപ്പെടുത്തിയ നിരോധനത്തിൽ കേന്ദ്രം ഇളവ് വരുത്തിയേക്കും. പോത്തിനേയും എരുമയേയും നിയന്ത്രണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പോത്ത്, എരുമ, പശു, കാള, ഒട്ടകം എന്നിവയെ കാർഷിക ആവശ്യങ്ങൾക്കായല്ലാതെ വിൽക്കുന്നത് നിരോധിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നത്. ഇതിനു പുറമേ, മതാചാര പ്രകാരം മൃഗങ്ങളെ ബലി നൽകുന്നതിനും നിരോധനമുണ്ട്.
വിജ്ഞാപനം വന്ന് തൊട്ടുപിന്നാലെ വൻ വിമർശവും പ്രതിഷേധവുമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയർന്നത്. ഗോസംരക്ഷണത്തിന്റെ പേരിൽ സംഘപരിവാർ അജൻഡ നടപ്പാക്കുള്ള നീക്കമാണെന്നായിരുന്നു ആക്ഷേപം. ബലിയർപ്പിക്കുന്നതിലുള്ള നിരോധനം മുസ്ലിം വിഭാഗത്തിന്റെ ബലിപ്പെരുന്നാളിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഈ വഴിക്കും കേന്ദ്രസർക്കാർ വിജ്ഞാപനം വിവാദമായി.
കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ വാങ്ങി ആറു മാസത്തിനകം വീണ്ടും വിൽപന നടത്തുന്നത് പുതിയ നിയമത്തിൽ തടഞ്ഞിട്ടുണ്ട്. ആറു മാസത്തിൽത്താഴെ പ്രായമുള്ള മൃഗങ്ങളുടെയും കാളക്കുട്ടി, പശുക്കിടാവ് തുടങ്ങിയവയുടെയും വിൽപനയ്ക്കു കർശന നിരോധനമുണ്ട്. കന്നുകാലികളെ കശാപ്പ് ചെയ്യില്ല എന്ന സത്യവാങ്മൂലം നൽകാതെ ഇവയെ വിൽപ്പനയ്ക്കായി പോലും എത്തിക്കരുതെന്ന് വിജ്ഞാപനത്തിൽ എടുത്തു പറയുന്നു.