09:49 am 20/5/2017
ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽനിന്നു പുറത്താക്കപ്പെട്ട ആം ആദ്മി പാർട്ടി എംഎൽഎ കപിൽ മിശ്രയ്ക്കെതിരേ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയ്ൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തീസ് ഹസാരി കോടതിയിലാണ് ഹർജി നൽകിയത്. കേസ് ഈ മാസം 29ന് പരിഗണിക്കും.
അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് മാനഷ്ടമുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയാണ് സത്യേന്ദർ കപിൽ മിശ്രയ്ക്കെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. മറ്റൊരു എഎപി എംഎൽഎ മജീന്ദർ സിംഗ് സിർസയ്ക്കെതിരേയും ആരോഗ്യമന്ത്രി പരാതി നൽകിയിട്ടുണ്ട്. പത്രസമ്മേളനം നടത്തി സിർസ പാർട്ടിയെ അപമാനിച്ചെന്ന് പരാതിയിൽ ആരോപിച്ചിരിക്കുന്നു.
അടുത്തിടെ, ഡൽഹി മന്ത്രിസഭയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രണ്ടു കോടി കോഴവാങ്ങിയെന്ന് കപിൽ മിശ്ര ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ മുഖ്യമന്ത്രിയുടെ വസതിയിലെത്തി പണം കൈമാറുന്നത് താൻ കണ്ടെന്നായിരുന്നു മിശ്രയുടെ ആരോപണം. ഇതിനെതിരേയാണ് സത്യേന്ദർ കേസ് ഫയൽ ചെയ്തിരിക്കുന്നത്.