ഗാമയുടെ 2017 പ്രവര്‍ത്തനോത്ഘാടനം വര്‍ണശബളമായി

08:24 am 12/4/2017


ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളീ അസോസിയേഷന്‍ (ഗാമ) യുടെ 2017ന്റെ പ്രവര്‍ത്തനോത്ഘാടനം ഏപ്രില്‍ 1നു ലോറെന്‍സ്‌വില്ലിലുള്ള ഡിസ്കവറി ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.

രുചികരമായ ഉച്ചഭക്ഷണത്തിനു ശേഷം ചെണ്ട മേളത്തോടു കൂടിയ ഘോഷയാത്രയോടെ മുഖ്യാതിഥിയായെത്തിയ സെനറ്റര്‍ മൈക്കല്‍ വില്യംസിനെ വേദിയിലേക്ക് ആനയിച്ചു.

പ്രസിഡന്റ് ബിജു തുരുത്തുമാലിലിന്റെ അധ്യക്ഷതയില് ചേര്‍ന്ന യോഗത്തില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി മുഖ്യാതിഥി ജോര്‍ജിയ സെനറ്റര്‍ മൈക്കല്‍ വില്യംസും ഗാമ 2017 കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് മംഗളദീപം കൊളുത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.

ഗാമ സെക്രട്ടറി മനു ഗോവിന്ദ് ആതിഥേയനായ ചടങ്ങില്‍ ട്രഷറര്‍ നവീന്‍ ജോബ് സദസ്സിനു സ്വാഗതം അരുളി.

പ്രസിഡന്റ് ബിജു തുരുത്തുമാലിലിന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ പാശ്ചാത്യ സംസ്കാരത്തിന്റെ പറുദീസയായ ഈ വടക്കേ അമേരിക്കയിലും മലയാളി പാരമ്പര്യവും പൈതൃകവും കെടാതെ കാത്തു സൂക്ഷിക്കുന്നതില്‍ ഗാമ പോലുള്ള സംഘടനകളുടെ പങ്കിനെപ്പറ്റി പ്രതിപാദിച്ചു .

വൈസ് പ്രസിഡന്റ് സവിത മഹേഷ് സെനറ്റര്‍ മൈക്കല്‍ വില്യംസിനെ സദസ്യര്‍ക്കു പരിചയപ്പെടുത്തി.
സെനറ്റര്‍ മൈക്കല്‍ വില്യംസ് ഇന്‍ഡോഅമേരിക്കന്‍ സഹകരണത്തെക്കുറിച്ചും ഗാന്ധിയന്‍ ആദര്‍ശത്തെ കുറിച്ചും സംസാരിച്ചു.

ജോയിന്റ് സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് എല്ലാ ഗാമ കുടുംബാംഗങ്ങള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, ഗാമയുടെ സന്നദ്ധ സേവകര്‍ക്കും നന്ദി അര്‍പ്പിച്ചു.

കള്‍ചറല്‍ കോഓര്‍ഡിനേറ്റര്‍ തോമസ് ഈപ്പനും (സാബു) പ്രസാദ് തെക്കേടത്തും മേല്‍നോട്ടം വഹിച്ച കലാപരിപാടികളില്‍ അറ്റ്‌ലാന്റയിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകളായ ലാസ്യ സ്കൂള്‍ ഓഫ് ഡാന്‍സ്, കടാക്ഷ , നൃത്യ സങ്കല്പ, സഹസ്ര ഡാന്‍സ് കമ്പനി , അറ്റ്‌ലാന്റ ചൈനീസ് ഡാന്‍സ് അക്കാദമി എന്നീ ഡാന്‍സ് സ്കൂളുകളിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച മനോഹരമായ ഡാന്‍സുകള്‍, “ശകുന്തളം” സ്കിറ്റ്, അറ്റലാന്റയുടെ ചരിത്രത്തില്‍ ആദ്യമായി കഥകളി അവതരിപ്പിച്ച ആദിത്യ പ്രേം, വീണ എന്നിവര്‍ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. കൂടാതെ ജോണ്‍ മത്തായിയും സംഘവും അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍, അബ്രഹാം കരിപപറമ്പിലും കൂട്ടരും അവതരിപ്പിച്ച വില്ലടിച്ചാന്‍ പാട്ട്, സുഭാഷ് നാരായണും കൂട്ടരും അവതരിപ്പിച്ച ദഫ് മുട്ട്, മോഹിനിയാട്ടം, മാര്‍ഗം കളി,ഒപ്പന, കളരി പയറ്റ്, തിരുവാതിര എന്നിവ കാണികള്‍ക്കു ഒരു വിത്യസ്ത ആസ്വാദനാനുഭവം നല്‍കി. ഭാരതാംബയും പരശുരാമനും നിറഞ്ഞു നിന്ന വേദിയില്‍ ഗാമയുടെ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച എല്‍.ഇ.ഡി. ബാക്ക്‌ഡ്രോപ് ആഘോഷങ്ങളെ കൂടുതല്‍ വര്‍ണ ശബളമാക്കി.