09:43 am 29/3/2017
അഹമ്മദാബാദ്: രണ്ടു വർഷത്തിനുശേഷം ഗുജറാത്ത് നിയമസഭാ സമ്മേളനത്തിൽ ബിജെപി ദേശീ യ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്നു. ഗുജറാത്തിലെ നാരാൻപുര മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണു ഷാ. വ്യാഴാഴ്ചയാണ് അമിത് ഷാ നിയമസഭാ സമ്മേളനത്തിനെത്തുന്നത്.
നിയമപ്രകാരം ആറു മാസം മാത്രമാണ് ഒരു എംഎൽഎയ്ക്ക് നിയമസഭാ സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാനാവൂ. എന്നാൽ, വ്യക്തമായ കാരണം ബോധിപ്പിക്കുകയാണെങ്കിൽ ദീർഘകാല അവധി എടുക്കാനാവുമെന്നു നിയമസഭാ സെക്രട്ടറി ഡി.എം. പട്ടേൽ പറഞ്ഞു. അമിത് ഷാ അനുവാദം വാങ്ങിയശേഷമാണു ദീർഘകാല അവധി എടുത്തിരിക്കുന്നതെന്നും പട്ടേൽ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്കു വൻ വിജയം നേടിക്കൊടുത്തശേഷം ആദ്യമായി ഗുജറാത്തിലെത്തുന്ന അമിത് ഷായ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് അഹമ്മദാബാദിലെത്തുന്ന ഷായെ സ്വീകരിക്കാൻ മുഖ്യമന്ത്രിയും എംഎൽഎമാരും സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.