12.31 PM 09/01/2017
ലോസ്ആഞ്ചലസ്: ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാരിക്കൂട്ടി അമേരിക്കൻ റൊമാന്റിക് മ്യസിക്കൽ കോമഡി ചിത്രം ലാ ലാ ലാൻഡ്. സംവിധാനം, തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനം, മികച്ച നടൻ, നടി എന്നിങ്ങനെ ഏഴു പുരസ്കാരങ്ങളാണ് ലാ ലാ ലാൻഡ് കരസ്‌ഥമാക്കിയത്. വിവിധ വിഭാഗങ്ങളിലായി ഏഴു നോമിനേഷനുകളാണ് ലാ ലാ ലാൻഡ് നേടിയിരുന്നത്.
മികച്ച സംവിധായകനായി ഡാമിയൻ ജസൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ റയാൻ ഗ്ലോസിംഗും നടി എമ്മ സ്റ്റോണുമാണ്. തിരക്കഥയ്ക്കുള്ള പുരസ്കാരം ഡാമിയൻ ചാസലേ സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ജസ്റ്റിൻ ഹർവിസ്റ്റിനാണ്. ലാ ലാ ലാൻഡിലെ സിറ്റി ഓഫ് സ്റ്റാർസാണ് മികച്ച ഗാനം.
മികച്ച സഹനടനുള്ള പുരസ്കാരം ആരോൺ ടെയ്ലർ ജോൺസൺ സ്വന്തമാക്കി. നൊക്ടേണൽ ആനിമൽസിലെ അഭിനയത്തിനാണ് പുരസ്കാരം. വയോള ഡേവിസാണ് മികച്ച സഹനടി (ഫെൻസെസ്). മികച്ച വിദേശ ചിത്രമായി എല്ലെ (ഫ്രാൻസ്) തെരഞ്ഞെടുക്കപ്പെട്ടു. പോൾ വെർഹോവന്റെ എല്ലെയാണ് മികച്ച വിദേശ ചിത്രം. മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ.
ചലച്ചിത്ര ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്. ഡോ.ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്ന മലയാളചിത്രം നോമിനേഷൻ നേടിയിരുന്നെങ്കിലും അവസാന റൗണ്ടിൽ പിന്തള്ളപ്പെട്ടു.