ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ന് ആവേശകരമായ പ്രതികരണം

07:34 pm 10/3/2017

– ജിമ്മി കണിയാലി
Newsimg1_26813914
ചിക്കാഗോ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടുകൂടി ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കലാമേള കമ്മറ്റി ചെയര്‍മാന്‍ ജിതേഷ് ചുങ്കത്ത് എന്നിവര്‍ അറിയിച്ചു. സംഘടനയുടെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org യില്‍ ഓണ്‍ലൈന്‍ ആയി മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം പണം അടയ്ക്കുവാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് വളരെയധികം സൗകര്യപ്രദമായതിനാല്‍ എല്ലാവരും നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യുന്നത് പ്രോത്സാഹജനകമാണെന്ന് അവര്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10ന് അവസാനിക്കും. കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ വന്നാല്‍ കലാമേള സുഗമമായി നടത്തുവാന്‍ രജിസ്‌ട്രേഷന്‍ നേരത്തെ അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും പ്രഖ്യാപിച്ച തീയതിവരെ രജിസ്‌ട്രേഷന്‍ തുടരുവാന്‍ പരിശ്രമിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പൂര്‍വ്വാധികം ഭംഗിയായും ചിട്ടയായും ഈ വര്‍ഷം കലാമേള നടത്തുവാന്‍ ഉദ്ദേശിക്കുന്നതിനാല്‍ മത്സരാര്‍ത്ഥികളെ നേരത്തേതന്നെ രജിസ്റ്റര്‍ ചെയ്യുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും, ഈ വര്‍ഷം ചെസ്റ്റ് നമ്പറുകള്‍ നല്‍കുന്നത് ഒരു പ്രത്യേകരീതിയിലായതിനാല്‍ അവസാനംവരെ കാത്തിരുന്ന് രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ട് പ്രത്യേക പ്രയോജനം ഒന്നും ഉണ്ടാവുകയില്ല എന്നതിനാല്‍ എല്ലാവരും നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്ത് സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

സിബിള്‍ ഫിലിപ്പ്, സഖറിയ ചേലക്കല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു, മറ്റ് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയാണ് കലാമേള 2017ന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.