ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാള്‍ ആഘോഷിച്ചു

08:54pm 19/9/2016

Newsimg1_86411547
ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ 2016 സെപ്റ്റംബര്‍ എട്ടിനു വ്യാഴാഴ്ച മാതാവിന്റെ പിറവിത്തിരുന്നാളും, എട്ടുനോമ്പ് സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. എട്ടാം തീയതി വൈകിട്ട് 6.45-നു പ്രസുദേന്തി തെനിയപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ പരിശുദ്ധ അമ്മയുടെ അലങ്കരിച്ച രൂപം കത്തീഡ്രലില്‍ നിന്ന് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങിടയത്തിനോടൊപ്പം തിരുവസ്ത്രങ്ങള്‍ അണിഞ്ഞ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (V.G), രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപതാ പ്രൊക്യൂറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി, കത്തീഡ്രല്‍ മുന്‍ വികാരി റവ.ഫാ. മാത്യു പന്തലാനിക്കല്‍, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എസ്.ഡി.ബി, രൂപതയിലെ മറ്റു വൈദീകരായ റവ.ഫാ. സുനില്‍ ചിരിയങ്കണ്ടത്ത്, റവ.ഫാ. തോമസ് മങ്ങാട്ട് എന്നീ വൈദീകരുടേയും, വാദ്യമേളത്തിന്റേയും അകമ്പടിയോടെ, പള്ളിയങ്കണത്തിലെ ഗ്രോട്ടോയിലേക്ക് വഹിച്ചു.

വൈകിട്ട് 7 മണിക്ക് അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ മനോഹരമായ അലങ്കരിച്ച ഗ്രോട്ടോയില്‍ എട്ടു വൈദീകര്‍ ചേര്‍ന്ന് ദിവ്യബലിയര്‍പ്പിച്ചു. കുര്‍ബാന മധ്യേ അഭിവന്ദ്യ പിതാവിന്റെ സന്ദേശം- “നിങ്ങള്‍ യേശുവിനെപ്പറ്റി പ്രസംഗിക്കുക, എന്നാല്‍ അത്യാവശ്യമുള്ളപ്പോള്‍ മാത്രം വാക്കുകളുപയോഗിച്ചാല്‍ മതി’ തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങള്‍ക്കു പങ്കുവെച്ചു. ദിവ്യബലിയെ തുടര്‍ന്നുള്ള, കത്തീഡ്രലിനു ചുറ്റും വാദ്യമേളങ്ങളോടെ നടത്തിയ കൊന്ത പ്രദക്ഷിണത്തിലും സ്‌നേഹവിരുന്നിലും അനേകം പേര്‍ പങ്കെടുത്തു.