ചിക്കാഗോ സീറോ മലബാര്‍ നൈറ്റ് വര്‍ണ്ണാഭമായി

01:27pm 06/7/2016

ബീന വള്ളിക്കളം
Newsimg1_9151633
ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ മാര്‍ത്തോമാശ്ശീഹായുടെ തിരുനാളിനോടനുബന്ധിച്ച് കള്‍ച്ചറല്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നടന്ന സീറോ മലബാര്‍ നൈറ്റ് വര്‍ണ്ണാഭമായി.

ജൂലൈ ഒന്നാംതീയതി അഞ്ചുമണിക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടും, മാര്‍ ജോയി ആലപ്പാടിനുമൊപ്പം, ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. ആന്റണി തുണ്ടത്തില്‍, ഇടവക അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടം, രൂപതാ ചാന്‍സിലര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ജോസഫ് കപ്പലുമാക്കല്‍, ഫാ. ടോം പന്നലക്കുന്നേല്‍, ഫാ. ആന്റണി ബെനഡിക്ട്, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍, ഫാ. മാത്യു പന്തലാനി, ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍, ഫാ. ഡേവീസ് ചിറമേല്‍ എന്നീ വൈദീകരും പങ്കുചേര്‍ന്നു. രൂപതയുടെ സ്ഥാപകദിനവും, മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക വാര്‍ഷികദിനവും കൂടിയായ ഈ ദിവസത്തെ സവിശേഷ ദിവ്യബലിയില്‍ അത്യധികം ഭക്ത്യാദരപൂര്‍വ്വം ഏവരും പങ്കുചേര്‍ന്നു. മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്റെ സന്ദേശത്തില്‍ പ്രസുദേന്തിമാരായ യുവജനങ്ങളെ പ്രത്യേകം അനുമോദിച്ചു. രൂപതയുടെ വളര്‍ച്ചയില്‍ ഇന്നോളം സഹകരിച്ച ഏവര്‍ക്കും പ്രത്യേകം കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പാരീഷ് ഹാളില്‍ ഇടവകയിലെ മുന്നൂറോളം കലാകാരന്മാരേയും കലാകാരികളേയും ഒന്നിച്ചണിനിരത്തിയ സീറോ മലബാര്‍ നൈറ്റ് 2016 അരങ്ങേറി.

മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത ഈ കലാസായാഹ്നം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മഹനീയ സന്നിധ്യത്താല്‍ അനുഗ്രഹപ്രദമായി. അക്കാഡമി ബോര്‍ഡ് അംഗം ആശാ മാത്യുവിന്റെ ആമുഖത്തിനുശേഷം ഡയക്ടര്‍ ബീന വള്ളിക്കളം ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. മെത്രാഭിഷേകദിന വാര്‍ഷികം ആഘോഷിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനേയും പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ.ആന്റണി തുണ്ടത്തിലിനും പ്രത്യേകം ആശംസകള്‍ നേരുകയും ചെയ്ത ബീന ഇരുവരും വഴിയായി രൂപതയ്ക്കും, ഇടവകയ്ക്കും കൈവന്ന അനവധിയായ അനുഗ്രഹങ്ങള്‍ക്ക് എല്ലാവരും കടപ്പെട്ടിരിക്കുന്നതായി പറഞ്ഞു.

മെത്രാഭിഷേകദിനം ആഘോഷിക്കുന്ന മാര്‍ ജേക്കബ് പിതാവിനെ പൊന്നാട അണിയിച്ച് ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഇടവകയുടെ അനുമോദനം അറിയിച്ചു. തുടര്‍ന്ന് ഇരുപത്തഞ്ചാം പൗരോഹിത്യവാര്‍ഷികം ആഘോഷിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിന് പ്രശംസാ ഫലകം നല്‍കി മാര്‍ ജോയി ആലപ്പാട്ട് പിതാവും, ഉപഹാരം നല്‍കി ട്രസ്റ്റിമാരും, അത്മായ സംഘടനയായ എസ്.എം.സി.സിയും പ്രത്യേകം ആദരിച്ചു. യുവജനങ്ങളുടെ പ്രതിനിധികളായി ജിബു ജോസഫ്, വിബിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അനുമോദനങ്ങള്‍ക്ക് നന്ദി പറഞ്ഞ ആന്റണി അച്ചന്‍ തന്റെ പൗരോഹിത്യജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരുന്നു കത്തീഡ്രലില്‍ വികാരിയായിരുന്ന സമയം എന്നും, ഏവരേയും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുന്നുവെന്നും പറഞ്ഞു.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമേല്‍ തന്റെ സന്ദേശത്തില്‍ അവയവദാന മാഹാത്മ്യത്തെക്കുറിച്ച് പറഞ്ഞു. ഇന്നേവരെ സഹകരിച്ച ഏവര്‍ക്കും നന്ദി പറഞ്ഞതോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ സഹകാരികളായിരിക്കുവാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കള്‍ച്ചറല്‍ അക്കാഡമി നടത്തിയ കലാമേളയില്‍ കലാതിലകമായ എമ്മ കാട്ടൂക്കാരനും, കലാപ്രതിഭയായ അലന്‍ ചേന്നോത്തിനും മാര്‍ ജേക്കബ് അങ്ങാടിയത്ത് ട്രോഫികള്‍ നല്‍കി. ബോര്‍ഡ് അംഗം ഷെന്നി പോള്‍ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. ലിന്‍സി വടക്കുംചേരി വളരെ ഭംഗിയായി കാര്യപരിപാടികള്‍ നിയന്ത്രിച്ചു.

തുടര്‍ന്ന് നടന്ന കലാസന്ധ്യ വൈവിധ്യംകൊണ്ടും, മികവുകൊണ്ടും ഏറെ ശ്രദ്ധേയമായി. പ്രകൃതിയെന്ന ദൈവീക സൃഷ്ടിയുടെ മാഹാത്മ്യത്തേയും ഇന്നു നേരിടുന്ന വെല്ലുവിളികളേയും പ്രതിബിംബിച്ച് അവതരിപ്പിച്ച കലാരൂപം അവതരണത്തിന്റെ പുതുമയില്‍ പ്രത്യേക ശ്രദ്ധ നേടി. “സൃഷ്ടിയെ പരിപാലിക്കുക’ എന്ന മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ ദൃശ്യാവിഷ്കാരമായി ഈ കലാസൃഷ്ടി. ലാലു പാലമറ്റം, സിനു പാലയ്ക്കാത്തടം, ലിന്‍സി വടക്കുംചേരി, ആഷാ മാത്യു, സിബു മാത്യു എന്നിവരുടേയും മറ്റ് അനേകം മാതാപിതാക്കളുടേയും കൂട്ടായ പ്രയത്‌നം ഈ അവതരണത്തിന് മിഴിവുകൂട്ടി.

കരണയുടെ ആചരണവര്‍ഷത്തില്‍ ദൈവീക കരുണയെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ബൈബിള്‍ ദൃശ്യാവിഷ്കാരങ്ങള്‍ സിബി ആലുംപറമ്പിലിന്റെ സംവിധാനത്തില്‍ അത്യധികം മനോഹരമായി. ബെര്‍ത്തേമിയോസ്, മഗ്ദലനാ മറിയം എന്നിവരോട് ദൈവം കാണിച്ച വലിയ കരുണ, സമരിയാക്കാരന്‍ സഹോദരനോട് കാണിച്ച കരുണ എന്നീ കരുണയുടെ വലിയ അവസരങ്ങള്‍ അവതരണ മികവില്‍ മുന്നിട്ടുനിന്നു. അന്ത്യവിധിയുടെ ശക്തമായ അവതരണം ഏവര്‍ക്കും സ്വയം അവലോകനത്തിനുള്ള ഒരു ചിന്താവേളയായി മാറി. ലാലു പാലമറ്റം, ടോം ജോസ് എന്നിവരുടെ സഹകരണവും ജോണ്‍സണ്‍ കാരിയ്ക്കല്‍, ഷിബു അഗസ്റ്റിന്‍, ശാന്തി ജയ്‌സണ്‍, ജോസ്‌മോന്‍ ആലുംപറമ്പില്‍, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവരോടൊപ്പം മറ്റധികം കലാപ്രതിഭകളുടെ അഭിനയ-നൃത്ത മികവും ഈ ബൈബിള്‍ ദൃശ്യാവിഷ്കാരത്തെ വേറിട്ടൊരു അനുഭവമാക്കി മാറ്റി.

തുടര്‍ന്ന് ഇടവകയിലെ നൂറോളം കുഞ്ഞുങ്ങള്‍ താളാത്മക സംഗീതത്തിന്റെ രമണീയ നൃത്താവിഷ്കാരം “നൂപുരം’ അരങ്ങിലെത്തിച്ചു. കോളജ് തലത്തിലുള്ള കുട്ടികള്‍കൂടി പങ്കെടുത്ത ഈ ദൃശ്യവിരുന്ന് യുവതലമുറയുടെ വിശ്വാസപ്രഘോഷണം കൂടിയായി.

ഒട്ടനവധി സുമനസുകള്‍ ഒരേ മനസ്ലോടെ ഒന്നിച്ചുചേരുമ്പോള്‍ വളരെ ഭംഗിയായി ദൈവീകദാനമായ കലയെ ദൈവ മഹത്വത്തിനും, പരസ്പര കൂട്ടായ്മയ്ക്കും, ഭാവിയിലെ പ്രതീക്ഷയ്ക്ക് നിദാനമായും ഉപയോഗിക്കാനാവുമെന്നതിന്റെ നേര്‍ക്കാഴ്ചയായ ഈ സീറോ മലബാര്‍ നൈറ്റിന്റെ വിജയത്തിനായി സഹകരിച്ച ടീം അംഗങ്ങള്‍ക്കും മറ്റ് ഏവര്‍ക്കും ഡയറക്ടര്‍ ബീന വള്ളിക്കളം അനുമോദനങ്ങളും കൃതജ്ഞതയും അറിയിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണിത്.