ചിരിയുടെ പൂമരങ്ങളായി തിരുമേനിയും ബാബു പോളും

08:36 am 20/1/2017

Newsimg1_34790170
തിരുവനന്തപുരം: തമാശകളുടെ പൂമരം കൊണ്ട് ഡോ. ബാബുപോളും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയും കപ്പലുണ്ടാക്കിയ കഥകളാണ് മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷവേദിയില്‍ കണ്ടത്.

ആദ്യം സംസാരിച്ച ബാബുപോള്‍ തിരുമേനിയെ വാക്കുകള്‍കൊണ്ട് ഒന്നു തോണ്ടി. തിരുമേനി തിരിച്ചും തോണ്ടി. സദസില്‍ ആ സമയം ചിരിയുടെ പൂമരങ്ങള്‍ പൊഴിയുകയായിരുന്നു.

ബാബുപോള്‍ പറഞ്ഞ കഥ

പണ്ടൊരു പുത്തന്‍ പണക്കാരന്‍ ക്രിസോസ്റ്റം തിരുമേനിയെ കാണാന്‍ വന്നു. പുതിയ കാറിന് ഡ്രൈവറെ തിരുമേനി നിര്‍ദ്ദേശിക്കണമെന്നായിരുന്നു ആവശ്യം. ഡ്രൈവര്‍ക്ക് നല്ല വിദ്യാഭ്യാസം വേണം, ഇംഗ്‌ളീഷ് സംസാരിക്കാന്‍ കഴിയണം, ഭാര്യയും പെങ്ങളുമൊക്കെ യാത്ര ചെയ്യുന്ന കാറാണ്. അതിനാല്‍ സ്വഭാവം നന്നാകണം. ആവശ്യങ്ങള്‍ കേട്ട് തിരുമേനി കുറച്ചുനേരം ആലോചിച്ചിരുന്നു. എന്നിട്ടു പറഞ്ഞു, പറ്റിയ ഒരു കക്ഷിയുണ്ട്. സര്‍ക്കാരുദ്യോഗസ്ഥനാണ്. അതിനാല്‍ വരുമോ എന്നറിയില്ല. അതു സാരമില്ല സര്‍ക്കാര്‍ കൊടുക്കുന്നതിനെക്കാള്‍ നൂറു രൂപ കൂടുതല്‍ താന്‍ കൊടുക്കാം എന്നായി ആവശ്യക്കാരന്‍. അതുകേട്ടപ്പോള്‍ തിരുമേനിക്ക് ആശ്വാസമായി. ഒരു കടലാസെടുത്ത് വിലാസം എഴുതി നല്‍കി. ബാബുപോള്‍, കേരള സെക്രട്ടേറിയറ്റ്. അപ്പോഴാണ് തിരുമേനി തന്നെ വാരിനിലത്തടിച്ചതാണെന്ന് പുത്തന്‍ പണക്കാരന് മനസിലായത്.

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ ഗതകാല ചരിത്രം മാനിക്കുന്നുവെന്നും എന്നാല്‍ ക്രൈസ്തവ സാമൂഹ്യസേവന പാരമ്പര്യത്തില്‍നിന്ന് വിട്ട് പണമുണ്ടാക്കാന്‍ മാത്രമായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതി അവര്‍ക്ക് ഭൂഷണമാണോ എന്നു പരിശോധിക്കണമെന്നും മാര്‍ക്‌സിസ്റ്റുകാരനായ മുഖ്യമന്ത്രിയില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത് 2000 വര്‍ഷം പാരമ്പര്യമുള്ള ക്രൈസ്തവ സഭയ്ക്ക് ഭൂഷണമല്ലെന്ന് ഒരു കൊട്ടുകൊടുക്കാനും ബാബുപോള്‍ മറന്നില്ല.

തിരുമേനിയുടെ വചനം

ബാബുപോള്‍ വലിയ എഴുത്തുകാരനും ഭരണക്കാരനുമൊക്കെയാണെന്ന് ബാബുപോളിനും എനിക്കും കുറച്ചുപേര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തെ നാലാംക്‌ളാസില്‍ പഠിപ്പിച്ച സാര്‍ അദ്ദേഹത്തിന്റെ അത്രയും വിദ്യാഭ്യാസമോ യോഗ്യതയോ ഉള്ള ആളായിരുന്നില്ല. വെറും പ്രൈമറി ക്‌ളാസുകാരന്‍ ആയിരുന്നിരിക്കും. എന്നാല്‍ അദ്ദേഹം പഠിപ്പിച്ചത് പഠിച്ചതുകൊണ്ടാണ് ബാബുപോളിന് പഠിച്ച് വലിയ ആളാവാന്‍ കഴിഞ്ഞത്. ഇദ്ദേഹം നന്നായി പ്രസംഗിച്ചു. ഇദ്ദേഹത്തിന്റെ വിചാരം തന്റെ മിടുക്കാണ് അതെന്നാണ്. എന്നാല്‍ നമ്മളാരും അത് കേള്‍ക്കാന്‍ ഇവിടെ വന്നില്ലായിരുന്നെങ്കിലോ? അപ്പോള്‍ മറ്റുള്ളവര്‍ ഉള്ളതുകൊണ്ടാണ് നമുക്ക് ഈ ലോകത്ത് മിടുക്കന്മാരാകാന്‍ കഴിയുന്നതെന്ന് ഓര്‍ക്കണം.

പണ്ടൊരു വിദ്യാര്‍ത്ഥി പട്ടണത്തിലെ കോളേജില്‍ ചേരാന്‍ ചെന്നു. സാധാരണ വസ്ത്രം ധരിച്ച ഒരാളെ റെയില്‍വേ സ്റ്റേഷനില്‍വച്ചുകണ്ടു. അദ്ദേഹത്തെക്കൊണ്ട് തന്റെ ബാഗെടുപ്പിച്ചു. പിറ്റേന്ന് അഡ്മിഷന് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥി വിറച്ചുപോയി. തലേദിവസം ബാഗെടുപ്പിച്ചയാളാണ് അവിടുത്തെ പ്രിന്‍സിപ്പല്‍. അവന്റെ കുറ്റബോധം കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. നിനക്ക് കഴിയാത്ത ഒരു കാര്യം നീ എന്നോട് ആവശ്യപ്പെട്ടു, ഞാനത് ചെയ്തു. അതാണ് ഇവിടെയും നിനക്ക് ലഭിക്കുക. എന്താണ് വിദ്യ? മറ്റുള്ളവന്റെ ആവശ്യത്തെ തന്റെ ആവശ്യമായി കാണാന്‍ കഴിയുന്ന ജീവിതബോധമാണ് വിദ്യയെന്നു പറയുന്നത്. ഒരു മനുഷ്യനെ അങ്ങനെ പരോപകാരിയാക്കി മാറ്റുകയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കേണ്ടത്.

ജനക്കൂട്ടത്തിന്റെ കൈയടി

സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സെന്റ് തോമസ് സ്കൂള്‍ മാനേജ്‌മെന്റ് അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ നാലാംക്‌ളാസ് പാസായ പാവപ്പെട്ട വീട്ടിലെ 10 കുട്ടികളെയെങ്കിലും അടുത്തവര്‍ഷം മുതല്‍ സൗജന്യമായി ഏറ്റെടുത്ത് പഠിപ്പിക്കണം. തിരുമേനിയുടെ നിര്‍ദ്ദേശം ജനക്കൂട്ടം കൈയടിയോടെയാണ് ഏറ്റുവാങ്ങിയത്.

ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷനായിരുന്നു. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാ പ്പൊലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡിയസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. അബ്രഹാം മാര്‍ പൗലോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 100 വയസുകഴിഞ്ഞ ക്രിസോസ്റ്റം തിരുമേനിയെ ചടങ്ങില്‍ ആദരിച്ചു.