ചെരുപ്പില്‍ ഗാന്ധിജിയുടെ ചിത്രം; ആമസോണിന്റെ ഇന്ത്യാവിരുദ്ധത.

08:03 am 15/1/2017
Newsimg1_58370612

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമുള്ള ചവുട്ടിക്ക് പിന്നാലെ മഹാത്മാ ഗാന്ധിയുടെ ചിത്രം അച്ചടിച്ച ചെരുപ്പുമായി ആമസോണ്‍ രംഗത്ത്. ഗാന്ധിജിയുടെ ചത്രമുള്ള സ്ലിപ്പറുകളാണ് ആമസോണിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്‌സ് എന്ന പേരിലുള്ള ഇവയക്ക് 16.99 ഡോളറാണ് വില. കഫേപ്രസ് എന്ന കമ്പനിയാണ് ചെരുപ്പ് സൈറ്റില്‍ വില്‍പ്പനയ്ക്കുവച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഈ–കോമേഴ്‌സ് കമ്പനിയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാവുമാണ് ആമസോണ്‍.കോം. വാഷിംഗ്ടണിലെ സിയാറ്റിലാണ് കമ്പനിയുടെ ആസ്ഥാനം.

നേരത്തെ ദേശീയ പതാകയുടെ നിറമുള്ള ചവുട്ടിയുടെ വില്‍പന ആമസോണ്‍ നിര്‍ത്തിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് ആമസോണിന്റെ കാനഡയിലെ വെബ്–സൈറ്റ് ചവിട്ടിയുടെ വില്‍പന നിര്‍ത്തിവച്ചത്. ആമസോണ്‍ മാപ്പുപറയണമെന്നും ദേശീയപതാകയെ അധിക്ഷേപിക്കുന്ന ഉത്പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്കാര്‍ക്കും ഇന്ത്യ വിസ നല്‍കില്ലെന്നും മുന്‍പ് അനുവദിച്ച വിസകള്‍ റദ്ദാക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് ആമസോണുമായി ബന്ധപ്പെടാനും വിദേശകാര്യമന്ത്രി നിര്‍ദേശിച്ചിരുന്നു.