10:55 AM 07/12/2016

ചെന്നൈ: പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സാഹിത്യകാരനും നടനും പത്രപ്രവർത്തകനുമായ ചോ രാമസ്വാമി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.40 ഒാടെയാണ് മരണം. 82 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
തമിഴ് മാഗസിനായ തുഗ്ലകിെൻറ സ്ഥാപക പത്രാധിപനാണ്. രാഷ്ട്രീയ നേതാക്കൾക്ക് നേരെയുള്ള പരിഹാസവും നിർഭയമായ വിമർശനവും മൂലം ശ്രേദ്ധയനാണ് ചോരാമസ്വാമി. ദീർഘകാലം ജയലളിതയുടെ രാഷ്ട്രീയകാര്യ ഉപദശകനായിരുന്നു.
അഭിഭാഷക കുടംബത്തിൽ ജനിച്ച് അഭിഭാഷകനകയി കുറച്ച് പ്രവർത്തിച്ചു. പിന്നീട് ടി.ടി.കെ ഗ്രൂപ്പിന്റെനിയമോപദേശകനായി. പിന്നീട് നാടക – സിനിമാ നടനായി. ഒടുവിൽ തുഗ്ലക് എന്ന മാസിക തുടങ്ങി പത്രപ്രവർത്തകനായി പ്രശസ്തിയാർജിച്ചു. സിനിമയിലും നാടകത്തിലും അഭിനയിച്ചു ഫലിപ്പിച്ച രാഷ്ട്രീയ പരിഹാസത്തിന്റെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ മാഗസിനും.
1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ അദ്വാനി, കെ.കാമരാജ്, ഇന്ദിരാഗാന്ധി, ജയപ്രകാശ് നാരായണൻ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അപ്പോഴും ശക്തമായി രാഷ്ട്രീയ വിമർശനം നടത്താനും അദ്ദേഹം മടിച്ചില്ല.
