ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചു

10:20 am 8/12/2016
download (1)
ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനി വ്യവസായിയുമായ ഗലി ജനാര്‍ദന റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കര്‍ണാടക അഡ്മിനിസ്ട്രേഷന്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍െറ ഡ്രൈവര്‍ ജീവനൊടുക്കി. സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസര്‍ എല്‍. ഭീമ നായികിന്‍െറ ഡ്രൈവര്‍ കെ.സി. രമേശ് ഗൗഡ(30)യാണ് ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള മദ്ദൂരിലെ സ്വകാര്യ ലോഡ്ജില്‍ വിഷം കഴിച്ച് മരിച്ചത്.

നായിക് വഴിയാണ് റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നും ഇതിന് 20 ശതമാനം കമീഷന്‍ നല്‍കിയിരുന്നെന്നും ആറുപേജുള്ള ആത്മഹത്യക്കുറിപ്പില്‍ ആരോപിക്കുന്നു. നവംബറില്‍ മകളുടെ ആഡംബര വിവാഹം നടത്തുന്നതിനുമുമ്പ് റെഡ്ഡി ബി.ജെ.പി എം.പി ശ്രീരാമുലുവിനൊപ്പം നിരവധി തവണ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നായികുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കമീഷന് പുറമെ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റും നായിക് ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹം നടത്തിയ മറ്റു 17 ഇടപാടുകള്‍ മൂടിവെക്കാന്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിരുന്നു. തന്‍െറ മരണത്തിന് നായികും മറ്റൊരു ഡ്രൈവര്‍ മുഹമ്മദുമാണ് ഉത്തരവാദികളെന്നും നിരന്തരം ഭീഷണിയുണ്ടാകുന്നതിന്‍െറ സമ്മര്‍ദം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറില്‍ കാബിനറ്റ് മന്ത്രിയായിരുന്ന ജനാര്‍ദന റെഡ്ഡിയെ അനധികൃത ഖനനത്തിന്‍െറ പേരില്‍ സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സോപാധിക ജാമ്യത്തില്‍ പുറത്തിറങ്ങിയ റെഡ്ഡി നോട്ട് പിന്‍വലിക്കലിന് ശേഷം 500 കോടിയോളം രൂപ ചെലവില്‍ മകളുടെ വിവാഹം നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും വരുമാനത്തിന്‍െറ ഉറവിടം കാണിക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.