ജനുവരി ഒന്ന് മുതല്‍ 19 സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ്

08:25 pm 30/12/2016

പി.പി. ചെറിയാന്‍
Newsimg1_80399968
ന്യൂയോര്‍ക്ക്: 2017 ജനുവരി ഒന്ന് മുതല്‍ അമേരിക്കയിലെ പത്തൊമ്പത് സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ് നിലവില്‍ വരുന്നു. ലക്ഷക്കണക്കിനു സാധാരണ തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മസാച്യുസിറ്റ്‌സ്, വാഷിങ്ടന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ദ്ധനവ്. മണിക്കൂറിന് 11 ഡോളര്‍!

കലിഫോര്‍ണിയയില്‍ 10.50 ഡോളര്‍ ലഭിക്കുമ്പോള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമാണ് 11 ഡോളര്‍. ഡൗണ്‍ സ്‌റ്റേറ്റ് സബര്‍ബ്‌സില്‍ 10 ഡോളറും മറ്റിടങ്ങളില്‍ 9.70 ഡോളറുമാണ്. ന്യൂയോര്‍ക്ക് ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വേതനത്തില്‍ നിന്നും 1.50 ഡോളര്‍ വര്‍ദ്ധനയുണ്ടാകും.

അരിസോണ, മയിന്‍, കൊളറാഡൊ, വാഷിങ്ടന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വേതന വര്‍ദ്ധനവ് നടപ്പാക്കുന്നതിനനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയത്. അരിസോണയില്‍ 8.05 ഡോളറില്‍ നിന്നും 10 ഡോളറായി വര്‍ദ്ധിപ്പിക്കും. ഇവിടെ വേതന വര്‍ദ്ധനവ് തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി (അരിസോണ) തള്ളി കളഞ്ഞു.

ദേശീയടിസ്ഥാനത്തില്‍ 2009ല്‍ ഏറ്റവും കുറഞ്ഞ വേതനം 7.25 ഡോളറായി നിജപ്പെടുത്തിയത് പണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനയും സാധാരണക്കാരന്റെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കി. പിന്നീട് തൊഴിലാളികള്‍ സംഘടിക്കുകയും പ്രഷോഭണം ആരംഭിക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ നിലവില്‍ വരുന്ന വേതന വര്‍ദ്ധനവ്.