ജമ്മുവിലെ നഗ്രോത നഗരത്തിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു.

08;25 pm 29/11/2016

images

നഗ്രോത (ജമ്മു കശ്മീർ): ജമ്മുവിലെ നഗ്രോത നഗരത്തിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ അതിർത്തിയിൽ വെറും 12 മൈൽ അകലെയാണ് സംഭവം. പത്താൻകോട്ട്, ഉറി ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യൻ സേനക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. തിരിച്ചടിയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

നഗ്രോത സൈനിക താവളത്തിൽ പ്രവേശിച്ച ഭീകരർ തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. താവളത്തിനകത്തുണ്ടായിരുന്ന സൈനിക ഓഫീസർമാരുടെ കുടുംബങ്ങളെ ഭീകരരിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

നാലു ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. എൽ ആകൃതിയിലുള്ള കെട്ടിടത്തിനുള്ളിൽ സ്ഥാനം പിടിച്ച ഭീകരർ ഓഫീസർമാരുടെ മെസിനുള്ളിൽ കയറി വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു. മെസിലുണ്ടായിരുന്ന സൈനികരുടെ കുടുംബാംഗങ്ങളെ സാഹസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ജമ്മു കശ്മീരിലെ നാല് കമാൻഡ് സെന്ററുകളിലൊന്നായ നഗ്രോത ബേസിൽ 1000 സൈനിക ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. കരസേനയുടെ 16 കോർപ്സിൻെറ ആസ്ഥാനമാണിത്.