ലഖ്നോ: രാജ്യത്തിെൻറ ഭൂപടത്തിൽ ജമ്മു-കശ്മീർ സംസ്ഥാനത്തെ ‘ഇന്ത്യഅധിനിവേശ കശ്മീർ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് പൊല്ലാപ്പ് പിടിച്ചു. ഉത്തർപ്രദേശിൽ പാർട്ടി പുറത്തിറക്കിയ 16 പേജുള്ള ലഘുലേഖയിലാണ് കശ്മീർ സംസ്ഥാനത്തെപ്പറ്റി പറയുന്നിടത്തെല്ലാം ‘ഇന്ത്യ അധിനിവേശ കശ്മീർ’ എന്ന തെറ്റായ വിശേഷണമുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുവർഷത്തെ ഭരണനടപടികളെ വിമർശിക്കുന്ന ലഘുലേഖയിലാണ് പാർട്ടിയുടെ യു.പി ഘടകത്തിന് വൻ അബദ്ധം പിണഞ്ഞത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദാണ് ലഘുലേഖ പ്രകാശനം ചെയ്തത്. സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി, അവർ പാകിസ്താനൊപ്പമാണോ അതോ ഇന്ത്യക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
കശ്മീരിനെ ഇന്ത്യൻഅധിനിവേശ കശ്മീർ എന്ന് വിശേഷിപ്പിച്ചതിലൂടെ പാകിസ്താെൻറ സ്വരത്തിലാണ് കോൺഗ്രസ് സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. അതിനിടെ ലഘുലേഖയിൽ അച്ചടിത്തെറ്റാണ് സംഭവിച്ചതെന്നും അതിൽ നിരുപാധികം മാപ്പപേക്ഷിക്കുന്നതായും കോൺഗ്രസ് നേതാവ് അജയ് മാക്കൻ അറിയിച്ചു. നേരേത്ത ബി.ജെ.പിക്ക് ഇതേ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ, ഇതുവരെ അവർ അത് തിരുത്താൻ തയാറായിട്ടില്ലെന്നും അജയ് മാക്കൻ പറഞ്ഞു. ‘ഇന്ത്യ അധിനിവേശകശ്മീർ’ ശനിയാഴ്ച രാത്രി ട്വിറ്ററിൽ ട്രെൻഡാവുകയും ചെയ്തു.