04:15 pm 12/2/2017
കുൽഗാം: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ തിരിച്ചടിയിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ കുൽഗാമിലെ യാരിപോറ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു സൈനികർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹുദീൻ ഭീകരരാണെന്നാണു സൂചന. കൊല്ലപ്പെട്ടവര്‍ കാഷ്മീർ സ്വദേശികൾ തന്നെയാണെന്നാണ് പ്രാഥമിക വിവരം.
വെടിയൊച്ച കേട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.

