07:50 pm 27/3/2017
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം. മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ.മഹാദേവനാണ് കൃഷ്ണമൂർത്തി എന്ന യുവാവിനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത്. കോതിയെ കബളിപ്പിക്കുയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ കടുത്ത നടപടി.
നേരത്തെ, കേസിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിക്കു മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു. ജയയുടെ മകനെന്ന് അവകാശവാദമുന്നയിച്ച കൃഷ്ണമൂർത്തി വസന്താമണി എന്നയാളുടെ മകനാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി. രേഖകൾ ചമയ്ക്കുന്നതിനായി മുദ്രപേപ്പർ വ്യാപാരിയുടെ കൈയിൽനിന്നു പഴയ മുദ്രപ്പേപ്പറുകൾ വാങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ജയലളിതയ്ക്ക് ഒപ്പമുള്ള ഫോട്ടോയും യുവാവ് ഹാജരാക്കിയിരുന്നു. ഇത് കൃത്രിമമായി നിർമിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുകയും ചെയ്തു. ഇതേതുടർന്നാണ് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചത്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് അടുത്തമാസം പത്തിലേക്കു മാറ്റി.
ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്നും പോയസ് ഗാർഡനടക്കം അമ്മയുടെ സ്വത്തുവകകൾ തനിക്ക് ലഭിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് യുവാവ് നൽകിയ ഹർജിയെ തുടർന്നാണ് അറസ്റ്റടക്കം കാര്യങ്ങളിലേക്ക് നീങ്ങാൻ കോടതി പോലീസിനോട് നിർദേശിച്ചത്. കൃഷ്ണമൂർത്തി കോടതിയിൽ സമർപ്പിച്ച രേഖകളുടെ സാധുതയെ ചോദ്യം ചെയ്ത് നേരത്തെ കോടതി രംഗത്തെത്തിയിരുന്നു.