06:30 pm 5/4/2017
ന്യൂഡൽഹി: അഴിമതി കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. കർണാടക സർക്കാർ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
കുറ്റക്കാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധിച്ച പിഴതുകയായ 100 കോടി രൂപ ലഭിക്കാൻ ഇടയില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അനധികൃത സ്വത്ത്സമ്പാദന കേസിൽ സുപ്രീംകോടതി വിധിയെ തുടർന്ന് ജയലളിതയുടെ തോഴി ശശികല അടക്കം മൂന്നു പേർ ജയിൽശിക്ഷ അനുഭവിക്കുകയാണ്. നിര്യാണത്തെ തുടർന്ന് ജയലളിതക്കെതിരായ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. കേസ് ഹരജി പരിഗണിച്ച സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പുനഃപരിശോധനയില്ലെന്നും വ്യക്തമാക്കി.