ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ജനം ഒഴുകുന്നു

09;59 AM 08/12/2016
download
ചെന്നൈ: ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ജനം ഒഴുകുന്നു. പ്രാര്‍ഥനനിരതമായ മനസ്സുമായി അണ്ണാ ഡി.എം.കെ അണികള്‍ പ്രദേശം കൈയടക്കിക്കഴിഞ്ഞു. ‘അമ്മാ വാഴ്ക’ സ്തുതികളുമായി തലൈവി തിരിച്ചത്തെുമെന്ന് അവരില്‍ പലരും വിളിച്ചു പറയുന്നുണ്ട്.

അതിനിടെ, ജയലളിതക്കായി സ്മാരകം നിര്‍മിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് പ്ളാന്‍ തയാറാക്കി.
ഭൗതിക ശരീരം നേരിട്ട് കണ്ട് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കഴിയാതിരുന്ന അനുയായികളാണ് മറീന ബീച്ചില്‍ ഏറെയും എത്തുന്നത്. കൂട്ടമായി തല മൊട്ടയടിച്ചും മണിക്കൂറുകളോളം ഉപവസിച്ചുമാണ് മറീന വിടുന്നത്. ഇവിടെ സായുധ സേനാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറു പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

വൈകാരിക പ്രകടനം മുന്നില്‍കണ്ട് അന്ത്യവിശ്രമസ്ഥലത്തിനു ചുറ്റും പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ജയലളിതയെ അടക്കിയ ശവപ്പെട്ടിയും സായുധ പൊലീസ് സാന്നിധ്യം അനിവാര്യമാക്കിയിട്ടുണ്ട്. മൃതദേഹത്തോടൊപ്പം ജയ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചില വസ്തുക്കളും ഉണ്ടെന്ന പ്രചാരണവുമുണ്ട്. തമിഴ്നാട്ടിലെങ്ങും പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രാര്‍ഥന ചടങ്ങുകള്‍ സംഘടിപ്പിച്ചുവരുന്നു.