ജയിലില്‍ പ്രത്യേകപരിഗണന വേണമെന്ന് ശശികല.

09:04 am 16/2/2017

images (2)
പോയസ് ഗാർഡനിലെ സുഖസൗകര്യങ്ങളിൽ നിന്ന് ജയിലറക്കുളളിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. ജയലളിതക്കൊപ്പമെത്തിയ രണ്ട് തവണയും ലഭിച്ച പ്രത്യേക പരിഗണന ജയിലില്‍ ശശികലക്ക് ഇത്തവണയുണ്ടാകില്ല. ജയിലില്‍ യോഗ ചെയ്യാനും പ്രമേഹത്തിന് ചികിത്സിക്കാനുമുളള സൗകര്യങ്ങളാണ് കോടതിക്ക് മുമ്പിൽ ശശികല വച്ച പ്രധാന ആവശ്യങ്ങൾ.
കീഴടങ്ങാൻ എത്തിയപ്പോൾ പ്രത്യേക കോടതി ജഡ്ജിയോട് മൂന്ന് കാര്യങ്ങളാണ് ശശികല ആവശ്യപ്പെട്ടത്. എ ക്ലാസ് സെൽ വേണം. യോഗ ചെയ്യാൻ സൗകര്യം വേണം. പ്രമേഹമുളളത് കൊണ്ട് ചികിത്സാസൗകര്യം. മൂന്നും കോടതി ജയിൽ അധികൃതരുടെ പരിഗണയ്ക്ക് അയച്ചു. ആദ്യ ദിനം ശശികലക്ക് എ ക്ലാസ് സെൽ അനുവദിച്ചില്ല. മൂന്ന് കുറ്റവാളികളെ പാർപ്പിക്കുന്ന സെല്ലിലാക്കി. ഇളവരസിക്ക് വേറെ സെൽ. ജയിലിൽ ഇനിയവർ ചെയ്യേണ്ട ജോലിയെന്തെന്നും അതിന്‍റെ കൂലിയെത്രയെന്നും വൈകാതെ തീരുമാനിക്കും. പ്രത്യേക സൗകര്യങ്ങൾ നൽകുന്നതിനോട് കടുത്ത വിയോജിപ്പുണ്ട് ജയിൽ അധികൃതർക്ക്. ജയലളിതക്ക് അനുവദിച്ചിരുന്ന സൗകര്യങ്ങൾ ശശികലക്ക് കിട്ടുമോ എന്ന് കണ്ടറിയണം.
വർണപ്പകിട്ടുളള സിനിമാലോകം കൊതിച്ചാണ് ശശികല 1980കളുടെ തുടക്കത്തിൽ വീഡിയോ കാസറ്റ് കട തുടങ്ങിയത്. അക്കാലത്തെ തിളങ്ങുന്ന താരമായിരുന്ന ജയലളിതയുടെ വീഡിയോകളെടുത്ത്, അവരുമായി അടുത്തബന്ധം സ്ഥാപിച്ച് , ശശികല അതിലേക്ക് അടുക്കുകയും ചെയ്തു. സിനിമക്കപ്പുറം ജയലളിത രാഷ്ട്രീയവഴികളിൽ നേട്ടങ്ങളുണ്ടാക്കിയപ്പോൾ അതിൽ ലാഭം വരുന്ന ഇടങ്ങൾ കണ്ടു ശശികല. ഇടയ്ക്ക് രണ്ട് തവണയുളള പുറത്താകലുകൾ ഒഴിച്ചാൽ ഇരുപത്തിയെട്ട് വർഷം പോയസ് ഗാർഡനിലെ സുഖസൗകര്യങ്ങളിൽ,ആജ്ഞാപിച്ചും അനുസരിപ്പിച്ചും വെട്ടിപ്പിടിച്ച് ഒടുവിൽ പരപ്പന അഗ്രഹാര ജയിലിലെത്തുന്നു ജയലളിതയുടെ തോഴി.
ജയിൽ പുതിയ അനുഭവമല്ല ശശികലക്ക്.1996ൽ,പിന്നെ 2014ൽ. രണ്ട് തവണ ജയലളിതക്കൊപ്പം തടവറയിലായി. മന്നാർഗുഡിയിലെ സ്വന്തക്കാരെ സുപ്രധാന സ്ഥാനങ്ങളിലെത്തിച്ച് ഭരിച്ച ശശികല പോയസ് ഗാർഡനിൽ ഉളളപ്പോൾ തന്നെയാണ് 1996 ൽ റെയ്ഡ് നടന്നത്. തമിഴ്നാട്ടിലും പുറത്തുമായി ഭൂമി, ഫാം ഹൗസുകൾ, തേയിലത്തോട്ടങ്ങൾ എന്നിവയുടെ രേഖകൾ, 28 കിലോ സ്വർണം, 800 കിലോ വെളളി, പതിനായിരത്തി അഞ്ഞൂറ് സാരി, 750 ജോഡി ചെരുപ്പ്, 91 വാച്ച്. റെയ്ഡിൽ കണ്ടെടുത്തവയിൽ ശശികല കൊതിച്ച സുഖജീവിതത്തിന്‍റെ കണക്കുമുണ്ട്. ഈ കണക്കുകൾ തന്നെ അവരെ ജയിലിലുമെത്തിച്ചു.
വീഡിയോകാസറ്റ് കടയിൽ നിന്ന് പോയസ്‍ഗാർഡനിലേക്കെത്തി,അവിടെ നിന്ന് അധികാരക്കസേരയിലേക്ക് നോട്ടമിട്ടു. ഒടുവിൽ പരപ്പന അഗ്രഹാര ജയിലിലെ സെല്ലിൽ സാധാരണതടവുകാരി.മൂന്നരവർഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വെട്ടിപ്പിടിച്ച എന്തുണ്ടാകും അവർക്കെന്നറിയാനും കാത്തിരിക്കണം.