കൊളംബോ: ശ്രീലങ്കയുടെ തെക്കൻ മേഖലയിൽ ജയിൽ ബസിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ കാലുടരയിൽ വച്ചാണ് സംഭവമുണ്ടായത്. ഗുണ്ടാ സംഘത്തിന്‍റെ തലവനും രണ്ടു ജയിൽ ജീവനക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബസ് റോഡിൽ തടഞ്ഞ് ആയുധധാരികൾ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലങ്കയിൽ ജയിൽ ബസിന് നേരെ ആയുധധാരികളുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ മാർച്ചിൽ രാഷ്ട്രീയ നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ജയിൽ വാഹനം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു.

