ജല്ലിക്കെട്ട്; തമിഴ്‍നാട്ടില്‍ പ്രക്ഷോഭങ്ങള്‍ പടരുന്നു

6:25 pm 18/1/2017
download (5)

ജല്ലിക്കെട്ട് നടത്താനനുവദിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തമിഴ്‍നാട്ടിലെങ്ങും വ്യാപിയ്ക്കുകയാണ്. മധുരയിലെ അളങ്കനല്ലൂരിൽ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നാലായിരത്തോളം പേരാണ് ചെന്നൈ മറീനാ ബീച്ചിൽ തടിച്ചുകൂടിയിരിയ്ക്കുന്നത്. തിരുനെൽവേലിയുൾപ്പടെയുള്ള തെക്കൻ ജില്ലകളിൽ തുടർച്ചയായ നാലാം ദിവസവും പ്രക്ഷോഭങ്ങൾ തുടരുകയാണ്.
ജല്ലിക്കെട്ട് ജൈവകൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നതാണെന്നും തമിഴ്നാട്ടിൽ ഇന്ന് നടക്കുന്ന കർഷക ആത്മഹത്യകളില്ലാതാക്കാൻ ജല്ലിക്കെട്ട് തിരിച്ചുവന്നേ മതിയാകൂവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെ പ്രമുഖ ജല്ലിക്കെട്ട് കേന്ദ്രമായ അളങ്കനല്ലൂരിൽ നിന്ന് 220 ഗ്രാമീണരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധവുമായാണ് ആയിരക്കണക്കിന് പേർ ചെന്നൈ മറീനാ ബീച്ചിലേയ്ക്ക് ഇന്നലെ രാത്രി ഒഴുകിയെത്തിയത്. വിദ്യാർഥികളും യുവാക്കളുമുൾപ്പടെ നാലായിരത്തോളം പേർ രാത്രി വൈകിയും പിരിഞ്ഞുപോവാൻ തയ്യാറാകാതെ മറീനാ ബീച്ചിൽ തുടർന്നു. ജല്ലിക്കെട്ട് നടത്താൻ ഓർഡിനൻസ് കൊണ്ടുവരിക, മൃഗസംരക്ഷണനിയമങ്ങളിൽ ജല്ലിക്കെട്ടിന് ഇളവ് നൽകുക, ജല്ലിക്കെട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പീറ്റ എന്ന സംഘടനയെ നിരോധിയ്ക്കുക എന്നീ ആവശ്യങ്ങളുയർത്തിയ സമരക്കാരുമായി മന്ത്രിമാരുടെ നേതൃത്വത്തിൽ അർദ്ധരാത്രി ചർച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി ഒ പനീർശെൽവം മറുപടി പറയാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് സമരക്കാർ. ക്രമസമാധാനപ്രശ്നങ്ങൾ കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് മറീന ബീച്ച് പരിസരത്ത് ഒരുക്കിയിരിയ്ക്കുന്നത്.
മധുരയിൽ അനുനയചർച്ചയ്ക്കെത്തിയ അണ്ണാ ഡിഎംകെ, ഡിഎംകെ എംഎൽഎമാർക്കു നേരെ സമരക്കാർ ചെരുപ്പെറിഞ്ഞു. സമരക്കാർക്ക് പിന്തുണയുമായി വിജയ്ക്ക് പിന്നാലെ നടൻ സൂര്യയും രംഗത്തെത്തി.