10.35 PM 10/01/2017

ന്യൂഡൽഹി: സൈനികരുടെ ദുരാവസ്ഥ വെളിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച ബിഎസ്എഫ് ജവാൻ ജവാൻ തേജ് ബഹദൂർ യാദവ് അമിത മദ്യപാനിയും അച്ചടക്കമില്ലാത്ത വ്യക്തിയുമാണെന്ന് ബിഎസ്എഫ്. കഴിഞ്ഞദിവസം ബഹദൂർ യാദവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ചർച്ചാ വിഷയമായതോടെയാണ് ന്യായീകരണവുമായി ബിഎസ്എഫ് രംഗത്തെത്തിയത്.
യാദവിന് മോശമായ ഭൂതകാലമാണുള്ളത്. കഴിഞ്ഞ 20 വർഷത്തെ സർവീസിനിടയിൽ നാലുതവണ മോശമായ പെരുമാറ്റം നടത്തിയിട്ടുള്ള ആളാണ് യാദവെന്നും ബിഎസ്എഫ് ഡിഐജി എം.ഡി.എസ്. മൻ പറഞ്ഞു. മദ്യപാനത്തിന് അടിമയായ ഇയാൾ സ്ഥിരമായി കൗൺസിലിംഗിന് വിധേയനാകാറുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പ്രോത്സാഹിപ്പെട്ടിരുന്നില്ല. ഇതിലുള്ള നിരാശയാകാം കാരണമെന്നും എം.ഡി.എസ്. മൻ കൂട്ടിച്ചേർത്തു.
നാലു മിനിറ്റ് ദൈർഘ്യമുള്ള മൂന്നു വീഡിയോയിലൂടെയാണ് കോൺസ്റ്റബിൾ യാദവ് പട്ടാളക്കാരുടെ ദുരാവസ്ഥ വിശദീകരിച്ചത്. ഒരു പൊറാട്ടയും ചായയും മാത്രമാണ് തങ്ങളുടെ പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണമായി ലഭിക്കുന്ന പരിപ്പ് കറിയിൽ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഈ ഭക്ഷണം കഴിച്ചിട്ട് 11 മണിക്കൂറോളം പ്രതികൂല കാലാവസ്ഥയിൽ തങ്ങൾ എങ്ങനെ ജോലി ചെയ്യുമെന്നും ജവാൻ ചോദിക്കുന്നു. അവശ്യസാധനങ്ങൾ മറിച്ച് വിൽക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം നടത്തണമെന്നും ബഹദൂർ ആവശ്യപ്പെട്ടിരുന്നു.
