06:38 pm 6/1/1017

ന്യൂഡൽഹി: ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞു. കോടതിയലക്ഷ്യ കേസിൽ കട്ജു നിരുപാധികം മാപ്പപേക്ഷിച്ചതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചതായി കോടതി അറിയിച്ചു. കട്ജുവിനു വേണ്ടി അഭിഭാഷകനായ രാജീവ് ധവാൻ സുപ്രീംകോടതിയിൽ ഹാജരായി. കേസെടുത്ത ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസും പരിഗണിച്ചത്.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ വിമർശനം ഉന്നയിച്ചതാണ് കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. ഇതേക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത് ഹർജിയായി സ്വീകരിച്ച് സുപ്രീംകോടതി കട്ജുവിനെ വിളിച്ചുവരുത്തുകയായിരുന്നു. കേസ് പരിഗണിച്ച ദിവസം ബഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരുമായി കട്ജു രൂക്ഷമായ വാക്കേറ്റത്തിലും ഏർപ്പെട്ടു.
