02:44 pm 17/3/2017
കോൽക്കത്ത: കോടതിയലക്ഷ്യക്കേസിൽ നിയമ നടപടി നേരിടുന്ന ജസ്റ്റീസ് കർണനെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി വാറണ്ട് പശ്ചിമ ബംഗാൾ പോലീസ് മേധാവി അദ്ദേഹത്തിനു കൈമാറി. ജസ്റ്റീസ് സി.കർണന്‍റെ വീട്ടിലെത്തിയാണ് അറസ്റ്റ് വാറണ്ട് കൈമാറിയത്. 100 പോലീസുകാരുടെ അകന്പടിയോടെയായിരുന്നു പോലീസ് മേധാവി കർണന്‍റെ വീട്ടിലെത്തിയത്.
എന്നാൽ, താൻ വാറണ്ട് സ്വീകരിച്ചില്ലെന്നും തനിക്കെതിരായ കേസ് പരിഗണിച്ച ഏഴംഗ സുപ്രീം കോടതി ബെഞ്ച് 14 കോടി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു ഹർജി ഫയൽ ചെയ്യുമെന്നും കർണൻ എൻഡിടിവിയോടു പറഞ്ഞു.
സുപ്രീം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും 20 ജഡ്ജിമാർക്കുമെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത് കോടതിയലക്ഷ്യമായി കണക്കാക്കി ജസ്റ്റീസ് കർണനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ, കുടുംബത്തെ അപകീർത്തിപ്പെടുത്തുകയും ഭർത്താവിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ ഭാര്യയും ജസ്റ്റീസ് കർണനെതിരെ സുപ്രീംകോടതിയിൽ പരാതി നൽകിയിരുന്നു.
കേസിൽ സുപ്രീം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന നിർദേശം ജസ്റ്റീസ് കർണൻ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് നിലവിലുള്ള ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തനിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീം കോടതി നടപടി തള്ളി ജസ്റ്റീസ് കർണൻ തള്ളിയിരുന്നു. തനിക്കെതിരായി വിധി പുറപ്പെടുവിച്ച ഏഴ് സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റീസ് കർണൻ സിബിഐ ഡയറക്ടർക്ക് കത്തയയ്ക്കുകയും ചെയ്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കർണന്‍റെ ഉത്തരവ്.

