07:29 am 17/5/2017
– ടോം കാലായില്‍
ഫിലാഡല്‍ഫിയ: ഇരുപത്തൊമ്പതാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെമ്മോറിയല്‍ വീക്കെന്‍ഡായ മേയ് 27,28 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെടുന്നു. ഫിലി സ്റ്റാഴ്‌സ് ടീം ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനു വേദിയാകുന്നത് ഫിലാഡല്‍ഫിയയിലെ 3201 റയന്‍ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന ഏബ്രഹാം ലിങ്കണ്‍ ഹൈസ്കൂളാണ്.
ഫിലി സ്റ്റാഴ്‌സിന്റെ എ.ബി ടീമുകള്‍ക്കൊപ്പം ഡാളസ്, ഡിട്രോയിറ്റ്, ചിക്കാഗോ, വാഷിംഗ്ടണ്‍, ടൊറന്റോ, ന്യൂജേഴ്‌സി, റോക്ക്‌ലാന്റ് എന്നിവടങ്ങളില്‍ നിന്നായി ഒമ്പത് ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. രണ്ട് പുളുകളായി നടത്തപ്പെടുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ മെയ് 27-ന് ശനിയാഴ്ച നടത്തപ്പെടും. 28-ന് ഞായറാഴ്ച ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടത്തപ്പെടും. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കളിക്കാര്‍ക്കൊപ്പം ദേശീയ തലത്തില്‍ മാറ്റുരയ്ക്കാന്‍ കഴിവുള്ള നിരവധി യുവ പ്രതിഭകള്‍ അണിനിരക്കുന്ന ഈ ടൂര്‍ണമെന്റ് അത്യധികം ആവേശകരമായിരിക്കുമെന്നു സംഘാടകര്‍ ഉറച്ചുവിശ്വസിക്കുന്നു.
1970-കളിലും 80-കളിലും വോളിബോള്‍ കോര്‍ട്ടുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച് കാണികളെ പ്രകമ്പനം കൊള്ളിച്ച് ഇന്ത്യന്‍ വോളിബോളിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള അസാധാരണ പ്രതിഭയായിരുന്നു ജിമ്മി ജോര്‍ജ്. അകാലത്തില്‍ വേര്‍പിരിഞ്ഞ ഈ ഇതിഹാസ താരത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുവാനായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന ഈ വാര്‍ഷിക ടൂര്‍ണമെന്റ് അമേരിക്കന്‍ മലയാളികളുടെ സുപ്രധാന കായിക മാമാങ്കംകൂടിയാണ്. ടൂര്‍ണമെന്റിന്റെ ഭാഗമായി 18 വയസ്സില്‍ താഴെയുള്ള കൗമാരക്കാര്‍ക്കായും, 40 വയസ്സില്‍ കൂടുതലുള്ള മുതിര്‍ന്നവര്‍ക്കായും പ്രത്യേകം മത്സരങ്ങളും നടത്തപ്പെടും.
കെ.വി.എല്‍.എന്‍.എ സ്ഥാപക നേതാവുകൂടിയായ ഷെരീഫ് അലിയാറിനോടൊപ്പം ടിബു ജോസ്, സജി വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തുന്ന ടീം അംഗങ്ങള്‍ക്കും കാണികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുള്ളത് ഫിലാഡല്‍ഫിയയിലെ 9461 റൂസ് വെല്‍റ്റ് ബുള്‍വാര്‍ഡിലുള്ള ഫോര്‍ പോയിന്റ് ബൈ ഷെറട്ടന്‍ ഹോട്ടലിലാണ്. ഏവരേയും ടൂര്‍ണ്ണമെന്റിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ടോം കാലായില്‍ ചിക്കാഗോ അറിയിച്ചതാണിത്.