ജിഷയുടെ വീട്ടിൽ ഡി.ജി.പി പരിശോധന നടത്തി

08:56 AM 05/06/2016
images (4)
പെരുമ്പാവൂർ: കൊല്ലപ്പെട്ട ജിഷയുടെ വീട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിലെത്തിയ ബെഹ്റ വീട്ടിനുള്ളിലും പരിസരത്തും പരിശോധന നടത്തി. രാവിലെ എട്ടോടെ രണ്ട് പൊലീസുകാർക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡി.ജി.പി കനാൽ കരയിലെ ജിഷയുടെ വീട്ടിലെത്തിയത്.

അയല്‍വാസികളില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കുന്ന ഡി.ജി.പി അന്വേഷണ സംഘാംഗങ്ങളുമായി അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യും. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ മാതാവ് രാജേശ്വരിയില്‍ നിന്ന് മൊഴിയെടുക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച ആലുവ പൊലീസ് ക്ലബിലെത്തിയ ബെഹ്റ എ.ഡി.ജി.പി ബി. സന്ധ്യയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കേസിനെകുറിച്ച് ചർച്ച നടത്തിയിരുന്നു.

രേഖാചിത്രവുമായി സാമ്യമുള്ളവരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇവരുടെ രക്തസാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ എത്തിക്കും. രേഖാചിത്രം പുറത്തുവിട്ടതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഫോണ്‍ വിളികളാണ് അന്വേഷണ സംഘത്തെ തേടിയെത്തുന്നത്. രേഖാചിത്രവുമായി സാമ്യമുള്ളവരെ കണ്ടെത്തിയെന്ന് പറഞ്ഞാണ് വിളികള്‍.