ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍ ഇസ്ലാം കോടതിയില്‍

02:09 pm 20/9/2016
download
ജിഷയെ കൊന്നത് താനല്ല അനാറുല്‍ ഇസ്ലാമാണെന്ന് പ്രതി അമീറുല്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അമീറുല്‍ ഇസ്ലാം, കൊലപാതകം നടത്തിയത് അനാറാണെന്ന് കോടതിയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് നിയമപ്രകാരമുള്ള പരമാവധി കാലാവധിയായ 90 ദിവസത്തിന് ശേഷമായതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് അമീര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്ന് കേസ് പരിഗണിക്കവെ കോടതിയില്‍ വെച്ചാണ് പൊലീസിനെ ഞെട്ടിച്ചുകൊണ്ട്, ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും അനാറുല്‍ ഇസ്ലാമാണെന്നും അമീര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കേസിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ജാമ്യാപേക്ഷ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും ജഡ്ജി വ്യക്തമാക്കി. പിന്നീട് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അമീര്‍ ഇത് ആവര്‍ത്തിച്ചു. അനാര്‍ എവിടെയുണ്ടെന്ന് പൊലീസിന് അറിയാമെന്നും വാഹനത്തില്‍ കയറ്റുന്നതിനിടെ അമീര്‍ പറഞ്ഞു.
കൊല നടത്തിയത് അനാറുല്‍ ഇസ്ലാമാണെന്ന് അമീറിന്റെ സഹോദരനും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഏത് കുറ്റവാളിയും പറയുന്നത് പോലെ മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ജിഷയുടെ സഹോദരി ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.