ജിഷവധം: പ്രതിയുടെ സുഹൃത്തിനായി അന്വേഷണം ഊര്‍ജിതമാക്കി.

04:01pm 27/6/2016
download (7)
ആലുവ: പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ ഗൂഢാലോചനയില്‍ പങ്കുണെ്ടന്നു തെളിഞ്ഞ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അസമിലെ കുഗ്രാമത്തിലെത്തി അനാറിനെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ കണെ്ടത്തിയെങ്കിലും പിന്നീട് ഇയാള്‍ കൈവിട്ടുപോയതിന്റെ ജാള്യതയിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.

എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടത്തെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അനാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസില്‍ വ്യക്തമായ പങ്കില്ലെന്നുകണ്ട് വിട്ടയയ്ക്കുകയായിരുന്നു. ജിഷയെ കൊലപ്പെടുത്താന്‍ അനാറും കൂടെ ഉണ്ടായിരുന്നുവെന്ന പ്രതിയുടെ പുതിയ വെളിപ്പെടുത്തലാണ് പോലീസിനെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്. നിരന്തരം മൊഴിമാറ്റി പറയുന്നതിനാല്‍ അമീറുളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് അന്വേഷണ സംഘം. കൊലനടന്ന ദിവസം അനാറുമായി താമസസ്ഥലത്ത് പ്രതി മദ്യപിച്ചിരുന്നതായി നേരത്തെ കണെ്ടത്തിയിരുന്നു. മദ്യലഹരിയില്‍ ജിഷയോട് പ്രതികാരം ചെയ്യാന്‍ പ്രതി അമീറുള്‍ സുഹൃത്തിന്റെ സഹായം തേടിയിരുന്നതായി മൊഴിനല്‍കിയിരുന്നു. എന്നാല്‍, അനാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതി ഒറ്റക്കെത്തിയാണ് കൃത്യം നടത്തിയതെന്ന ആദ്യമൊഴിയാണ് ഇപ്പോള്‍ മാറ്റിയതായി അറിയുന്നത്.

അനാറിന്റെ കത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു. കത്തികൊണ്ട് ജിഷയ്ക്ക് ഏറ്റ ഏഴു കുത്തുകള്‍ അമീറുളിന്റേതാണെന്നും ബാക്കിയുള്ളത് അനാറാണ് കുത്തിയതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. കൊലയ്ക്കുശേഷം താമസസ്ഥലത്തെത്തിയ അമീറിനെ രക്ഷപ്പെടാന്‍ സഹായിച്ചതും കൃത്യത്തിനുപയോഗിച്ച ആയുധവും രക്തംപുരണ്ട വസ്ത്രങ്ങളും സുഹൃത്ത് അനാര്‍ തന്നെ ഒളിപ്പിച്ചതായും സംശയമുണ്ടായിരുന്നു. ഇത്തരം സംശയങ്ങളെ തുടര്‍ന്നാണ് അനാറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിച്ചത്.

കൊല്ലപ്പെട്ട ജിഷയുടെ വീടിനുള്ളില്‍ നിന്നു പ്രതിയെ കൂടാതെ മറ്റൊരാളുടെ വിരലടയാളം കണെ്ടത്തിയെന്ന കാര്യം അന്വേഷണസംഘം നിഷേധിക്കുന്നുണെ്ടങ്കിലും പുതിയ വെളിപ്പെടുത്തലുകള്‍ ഇത് ബലപ്പെടുത്തുകയാണ്. ഇതോടെ അനാറിനെ കണെ്ടത്തേണ്ടത് അന്വേഷണ സംഘത്തിന് അനിവാര്യമായി വന്നിരിക്കുകയാണ്. പ്രോസിക്യൂഷന്‍ ഭാഗത്തെ പ്രധാന തെളിവായ കൊലക്കത്തിയും പ്രതിസംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങളും കണെ്ടടുക്കാന്‍ കഴിയാതെ പോലീസ് കുഴയുന്നതിനിടയിലാണ് കേസില്‍ വഴിത്തിരിവാകുന്ന തരത്തിലുള്ള വ്യത്യസ്ത വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.

പ്രതിയുടെ മൊഴികളുടെ വിശ്വസഥത തെളിയിക്കാന്‍ നുണ പരിശോധന നടത്തുന്നകാര്യം പോലീസും പ്രതിയുടെ അഭിഭാഷകനും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് വേണ്ടിവരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം, പരമാവധി ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് കസ്റ്റഡി കാലവധിക്കുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പ്രതിയെ വട്ടോളിപ്പടിയിലെ വീട്ടിലും വൈദ്യശാലപ്പടിയിലെ താമസസ്ഥലത്തും എത്തിച്ച് ഇതിനിടയില്‍ തെളിവെടുപ്പ് നടത്തും.