ജിഷ വധം: സി.ബി.ഐ അന്വേഷണമില്ല; ഇരയുടെ സ്വകാര്യത മാനിക്കണം

04:20pm 30/5/2016

images (6)

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഉയര്‍ന്ന വനിത ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നത് ഉചിതമാകില്ല. പുതിയ സംഘം അന്വേഷണവുമായി മുന്നോട്ടുപോകട്ടെയെന്നും കോടതി വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് നല്‍കേണ്ടതില്ല. ഇര മരിച്ചുകഴിഞ്ഞാലും അന്തസ്സ് നിലനില്‍ക്കും. ഇരയുടെ പേര് മാധ്യമങ്ങളില്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ അത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. അത് ഇരയുടെയും കുടുംബത്തിന്റെയും അന്തസ്സിനെ ബാധിക്കുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി നിഷേധിച്ചു. അങ്ങനെയാണെങ്കില്‍ ഇരയുടെ പേര് വച്ച് പ്ലക്കാര്‍ഡുമായി പ്രതിഷേധം നടത്തിയവര്‍ക്കെതിരെ വരെ കേസെടുക്കേണ്ടിവരും. ഇത്തരം കേസുകളില്‍ ഇരയുടെ പേര് മറച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ ഉത്തരവുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ നിര്‍ദേശം നല്‍കുന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു. കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തെ പൂര്‍ണമായും ന്യായീകരിച്ചുകൊണ്ടാണ് ഐ.ജി മഹിപാല്‍ യാദവ് കോടതിയില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മരണവിവരം അറിഞ്ഞ് പതിനഞ്ച് മിനിറ്റിനകം പോലീസ് സ്ഥലത്തെത്തി. അടുത്ത ദിവസം തന്നെ ഐ.ജിയും സംഭവസസ്ഥലം സന്ദര്‍ശിച്ചു. പോലീസ് നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. ശാസ്ത്രീയമായി അന്വേഷണം നടത്തുന്നതിനുള്ള തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മതാചാരപ്രകാരം മൃതദേഹം ദഹിപ്പിച്ചതെന്നും ഐ.ജി പറഞ്ഞു.
അതേസമയം,അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവ ഐ.ജി കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും അവ സ്വീകരിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി തയ്യാറാകാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും ഹൈക്കോടതി അറിയിച്ചു.