ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്‌ലാമിനെ നാളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും

06.43 PM 19-06-2016
image
ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ നാളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. ജിഷയുടെ അമ്മയെയും സഹോദരിയെയും അയല്‍വാസികളെയും പ്രതിയെ സംബന്ധിച്ച് മൊഴി നല്‍കിയവരെയും പങ്കെടുപ്പിച്ചു കൊണ്ടാകും തിരിച്ചറിയില്‍ പരേഡ് നടത്തുക. കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. കുന്നംപുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഷിജു ഡാനിയേല്‍ തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിക്കും.
അമീറുല്‍ ഇസ്‌ലാമിനെപ്പോലെ തോന്നിക്കുന്ന അഞ്ചോളം പേരെ ഒരേ സ്‌റ്റൈലില്‍ അണിനിരത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. അമീറുലിനെ മുമ്പ് കണ്ടിട്ടുള്ള ആള്‍ക്കാര്‍ ഇവരില്‍ നിന്നു വേണം അയാളെ തിരിച്ചറിയാന്‍. എല്ലാവരും ഒരേ ഭാവത്തോടെയായിരിക്കും നിര്‍ത്തുന്നത്. പലപ്പോഴും പൊലീസുകാരെ തന്നെയാണ് തിരിച്ചറിയല്‍ പരേഡിനായി നിര്‍ത്തുന്നത്. എന്നാല്‍ ഇവിടത്തെ പ്രതി ആസാമി ആയതിനാല്‍ മലയാളി പോലീസുകാരെ നിര്‍ത്തിയാല്‍ എളുപ്പം തിരിച്ചറിയും. ആയതിനാല്‍ അമീറുല്ലിനെപ്പോലെ തോന്നുന്ന ഇതര സംസ്ഥാനക്കാരെ തന്നെയായിരിക്കും നിര്‍ത്തുക. കോടതിയുടെ നിരീക്ഷണം ഉള്ളതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മികച്ച രീതിയിലായിരിക്കും തിരിച്ചറിയല്‍ പരേഡ് നടത്തുക. പ്രതിയെ വെള്ളിയാഴ്ച പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
പൊലീസ് പിടികൂടിയ പ്രതി ശിക്ഷിക്കപ്പെടണമെങ്കില്‍ ഈ തിരിച്ചറിയല്‍ പരേഡ് അത്യാവശ്യമാണ്. ജിഷയുടെ വീടിനു സമീപത്തുള്ള രണ്ടു സ്ത്രീകള്‍, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, കേസിന് പ്രധാന തുമ്പുണ്ടാക്കിയ ചെരുപ്പ് കടയുടമ എന്നിവരെയാണ് പ്രതിയെ തിരിച്ചറിയാന്‍ എത്തിക്കുക. പ്രതിയെ കണ്ടതായി സൂചന നല്‍കിയില്ലെങ്കിലും ജിഷയുടെ അമ്മയെയും സഹോദരിയെയും തിരിച്ചറിയല്‍ പരേഡിന് എത്തിക്കാനും നീക്കമുണ്ട്.പരേഡിനായി സാക്ഷികള്‍ക്കായി സമന്‍സ് അയച്ചിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിന് ശേഷമാകും പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും ഇതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം.
അതേസമയം, അമീറുള്‍ ഇസ്‌ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമസ്ഥനെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചു തവണ ചോദ്യം ചെയ്തിട്ടും അമീര്‍ ഇവിടെ താമസിച്ചിരുന്ന കാര്യ ഇയാള്‍ പറഞ്ഞിരുന്നില്ല. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നായിരുന്നു ആദ്യതീരുമാനം. എന്നാല്‍ ലോഡിജില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് വിവരം അറിയിക്കാന്‍ ഇയാള്‍ക്ക് കഴിയാതിരുന്നതെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തില്‍ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.