ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് 6 മാസത്തെ ശമ്പളം; പ്രവാസികള്‍ക്ക് പുതിയ പദ്ധതികളുമായി സര്‍ക്കാര്‍

08:12 am 24/12/2016
images (2)
കേസില്‍ പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കും
പ്രവാസിക്ഷേമത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ നഷ്‌ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം നല്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കും. ഷാര്‍ജയില്‍ ക്ലിനിക്, കുടുംബങ്ങള്‍ക്കായി ഫാമിലി സിറ്റി എന്നീ ആവശ്യങ്ങള്‍ ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ വെച്ചതായും അദ്ദേഹം പറഞ്ഞു.
പ്രവാസി പുനരധിവാസം, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി പ്രവാസികളുടെ പ്രശ്നങ്ങളില്‍ അധികം വൈകാതെ തന്നെ സര്‍ക്കാറില്‍ നിന്ന് തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷാര്‍ജ ഭരണാധികാരിയെ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായി ടൗണ്ഷിപ്പ് പോലെ ഫാമിലി സിറ്റി പദ്ധതി നടപ്പിലാക്കാന്‍ സ്ഥലം അനുവദിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്ലിനിക്ക്, സ്കൂള്‍ എന്നിവയ്‌ക്കുള്ള നിര്‍ദ്ദേശങ്ങളിലും അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് ഷാര്‍ജ്ജ ഭരണാധികാരിയില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി എന്നിവരെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.