ടിപ്പു ജയന്തി: കര്‍ണാടകയില്‍ കനത്ത സുരക്ഷ

11:50 AM 08/11/2016
download
ബംഗളൂരു: ഈമാസം 10ന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി, ശ്രീരാമസേന തുടങ്ങിയ സംഘടനകളും കൊഡവ സമുദായവും രംഗത്തത്തെിയതോടെ കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചിലര്‍ ടിപ്പു ആഘോഷത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും സമാധാനാന്തരീക്ഷം തകര്‍ത്ത് അതിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കമീഷണര്‍മാരും ജില്ലാ ആസ്ഥാനങ്ങളിലത്തെി സുരക്ഷാനടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാനും ആവശ്യമെങ്കില്‍ പ്രശ്നക്കാരെ മുന്‍കരുതല്‍ തടവില്‍ വെക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ആഘോഷത്തിനിടെ രണ്ടുപേര്‍ മരിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ ജാഗ്രതയിലാണ് പൊലീസ്. മൈസൂരു, കുടക് ജില്ലകളിലാണ് സംഘര്‍ഷഭീഷണി കൂടുതലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷങ്ങളില്‍ പുറമെ നിന്നത്തെിയവര്‍ക്കും പങ്കുള്ളതായി വ്യക്തമായതിനാല്‍ ഇത്തവണ അതിര്‍ത്തി കടന്നത്തെുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ പത്തിടങ്ങളില്‍ പൊലീസ് ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജയന്തിയുമായി ബന്ധപ്പെട്ട് പോസ്റ്ററുകള്‍ പതിക്കുന്നതും കൊടികള്‍ ഉയര്‍ത്തുന്നതുമെല്ലാം വിലക്കിയിട്ടുണ്ട്. പ്രശ്നസാധ്യതാ മേഖലകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിനാല്‍ പ്രശ്നസാധ്യതാ മേഖലകളിലെല്ലാം കനത്ത പൊലീസ് കാവലുണ്ടാകും.

കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ വകുപ്പാണ് ആഘോഷം സംഘടിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ കന്നട സാംസ്കാരിക വകുപ്പിനാണ് ചുമതല. ഇതിനായി 69 ലക്ഷം രൂപയാണ് അനുവദിച്ചത്. ആഘോഷത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈകോടതി തള്ളിയിരുന്നു. കര്‍ണാടക കോമു സൗഹാര്‍ദ വേദികെ, കര്‍ണാടക ജനഭിവൃദ്ധി വേദികെ, കര്‍ണാടക രക്ഷണ വേദികെ തുടങ്ങിയവയും വിവിധ ദലിത്, കന്നട, കര്‍ഷക സംഘടനകളുമടക്കം 24 സംഘടനകള്‍ ആഘോഷത്തില്‍ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ആഘോഷം സമാധാനപരമായി നടത്താന്‍ ബി.ജെ.പി സഹകരിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര്‍. ടിപ്പുജയന്തി ആഘോഷം പെട്ടെന്നുണ്ടായ സര്‍ക്കാര്‍ തീരുമാനമല്ല. കഴിഞ്ഞവര്‍ഷം ഇതിന് മുന്നോടിയായി പല തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളില്‍ സ്വീകാര്യമായതെല്ലാം സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തുക സര്‍ക്കാര്‍ നയമോ ലക്ഷ്യമോ അല്ല. ടിപ്പുജയന്തി ആഘോഷം എന്ന ആവശ്യം അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എതിര്‍പ്പുള്ളവര്‍ക്ക് ജനാധിപത്യ രീതിയില്‍ അത് പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, ഇത് നിയമം കൈയിലെടുത്തുകൊണ്ടാവരുത്. ബി.ജെ.പി സഹകരിക്കുകയാണെങ്കില്‍ സമാധാനപരമായി ആഘോഷം നടത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.