ടെക്‌സസില്‍ ടെക്സ്റ്റിംഗ് നിരോധന ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു

07:13 am 8/6/2017

– പി.പി. ചെറിയാന്‍


ഓസ്റ്റില്‍: ഒരു ദശകത്തോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് വിരാമമിട്ട് ടെക്സസ്സ് സംസ്ഥാനത്ത് പൂര്‍ണ്ണമായും വാഹനം ഓടിക്കുമ്പോള്‍ ടെക്സ്റ്റിംഗ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏമ്പിട്ട് ജുണ്‍ 5 ചൊവ്വാഴ്ച ഒപ്പിട്ടു.സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും. 99 ഡോളറാണ് നിയമം ആദ്യമായി ലംഘിക്കുന്നവര്‍ക്ക് ഫൈന്‍ നല്‍കേണ്ടിവരിക.

തുടര്‍ന്നും പിടിക്കപ്പെട്ടാന്‍ 200 ഡോളര്‍ പിഴ അടയ്ക്കേണ്ടിവരും.ടെക്സസ്സിലെ ചില സിറ്റികളില്‍ ഇതിനകം തന്നെ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റിംഗ് നിരോധിച്ചിരുന്നുവെങ്കിലും സംസ്ഥാന വ്യാപകമായി നിരോധനം ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്.2011 ല്‍ നിരോധന ഉത്തരവ് നിയമസഭ പാസ്സാക്കിയെങ്കിലും അന്നുണ്ടായിരുന്ന ഗവര്‍ണര്‍ റിക്ക്പെരി നിയമം വീറ്റോ ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ചര്‍ച്ച് ബസ്സില്‍ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് 13 പേര്‍ മരിച്ചതോടെ, നിയമം എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യം വര്‍ധിച്ചു വരികയായിരുന്നു. പിക്കപ്പ് ഡ്രൈവര്‍ ടെക്സ്റ്റിംഗ് നടത്തുന്നതിനിടെയാണ് അശ്രദ്ധ മൂലം അപകടം ഉണ്ടായത്. പുതിയ നിയമത്തെ ഭൂരിഭാഗം ജനങ്ങളും പിന്തുണച്ചപ്പോള്‍. ഒറ്റപ്പെട്ട എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്.