ടെക്‌സസ് സംസ്ഥാനത്ത് ആദ്യ ട്രാന്‍സ്ജന്റര്‍ മേയര്‍

08:33 pm 2/1/2017

– പി.പി. ചെറിയാന്‍
Newsimg1_32877693
ന്യൂഹോപ്പ്(ടെക്‌സസ്) : പുരുഷനില്‍ നിന്നും സ്ത്രീയിലേക്ക് ലിംഗഭേദം നടത്തിയ ആദ്യ മേയര്‍ എന്ന പദവിക്ക് ഡാലസില്‍ നിന്നും 40 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ സിറ്റി ന്യൂഹോപ്പിലെ മേയര്‍ അര്‍ഹയായി. ടെക്‌സസ് സംസ്ഥാനത്ത് ഇതാദ്യ സംഭവമാണ്. ന്യുഹോപ് മേയറായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ജെഫ് ഹെര്‍ബസ്റ്റ് എന്ന പേര്‍ മാറ്റി ജെസ്സ് ഹെര്‍ബസ്റ്റ് എന്ന പേര്‍ സ്വീകരിച്ചതായി സിറ്റിയുടെ ഒഫിഷ്യല്‍ വെബ് സൈറ്റില്‍ പറയുന്നു.

ജനുവരി 23 ന് പോസ്റ്റ് ചെയ്ത സ്റ്റേറ്റ്‌മെന്റിനുശേഷം നടന്ന ആദ്യ ടൗണ്‍ പബ്ലിക് മീറ്റിങ്ങില്‍ സ്ത്രീയുടെ വസ്ത്രം ധരിച്ചാണ് മേയര്‍ ജെസ്സ് എത്തിയത്. സിറ്റിയിലെ എല്ലാവരേയും ഈ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജെഫ് തന്റെ ഭാര്യയുടേയും മകളുടേയും സമ്മതത്തോടെ ഹോര്‍മോണ്‍ റിപ്ലേയ്‌സ്‌മെന്റ് തെറാപ്പി ആരംഭിച്ചത്. 2016 ല്‍ ജെഫ് ന്യുഹോപ് മേയറായി സ്ഥാനമേറ്റു. സ്ത്രീയായി ജീവിക്കാനാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് സ്വകാര്യ സംഭാഷണത്തില്‍ ഇവര്‍ വെളിപ്പെടുത്തി. പൊതു പ്രവര്‍ത്തനം തുടരുമെന്നും ഇവര്‍ പറഞ്ഞു.

സ്ത്രീയായി മാറിയതിനുശേഷം പിന്തുണയും അഭിനന്ദനവും അറിയിച്ചു. ആയിരക്കണക്കിനു സന്ദേശങ്ങളാണ് ലഭിച്ചതെന്ന് ജെസ് പറഞ്ഞു. 1999 മുതല്‍ ഭാര്യയും രണ്ട് മക്കളുമായി ഇവര്‍ ന്യുഹോപ്പിലാണ് താമസിച്ചു വരുന്നത്.