ടോം പെരസ് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍

08:14 pm 26/2/2017

– പി.പി. ചെറിയാന്‍

Newsimg1_61796085
അറ്റ്‌ലാന്റ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആദ്യമായി ഒരു ലാറ്റിനോ. ഫെബ്രുവരി 25-നു അറ്റ്‌ലാന്റയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഒബാമയുടെ ഭരണത്തില്‍ ലേബര്‍ സെക്രട്ടറിയായിരുന്ന ടോം പെരസ് തെരഞ്ഞെടുക്കപ്പെട്ടത്.

നാഷണല്‍ കമ്മിറ്റിയിലെ 435 വോട്ടര്‍മാരില്‍ 235 വോട്ടുകളാണ് പെരസിനു ലഭിച്ചത്. മിനിസോട്ടയില്‍ നിന്നുള്ള റപ്രസന്റേറ്റീവ് കീത്ത എല്ലിസനെയാണ് പെരസ് പരാജയപ്പെടുത്തിയത്.

പെരസിന്റെ വിജയം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കീത്ത എല്ലിസനെ നോമിനേറ്റ് ചെയ്യുന്നായി പെരസ് അറിയിച്ചു.

1987-ല്‍ ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നും ബിരുദമെടുത്തശേഷം ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സിവില്‍റൈറ്റ്‌സ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിരുന്നു. ഡമോക്രാറ്റിക് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള യഥാര്‍ത്ഥ മത്സരം ഹിലരിയും സാന്റേഴ്‌സനും തമ്മിലായിരുന്നു. ഹിലരി പെരസിനെ പിന്തുണച്ചപ്പോള്‍ ബര്‍ണി സാന്റേഴ്‌സ് കീത്ത എല്ലിസനെയാണ് പിന്തുണച്ചത്. ട്രംപിനെതിരേ പട നയിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ലാറ്റിനോ പ്രതിനിധി ടോം പെരസിനെ തെരഞ്ഞെടുത്തത് രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്.