ട്രംപിന്റെ ഉത്തരവിനെ അനുകൂലിക്കാന്‍ വിസമ്മതിച്ച എ.ജിയുടെ പണിപോയി

11:10 am 1/2/2017

– പി.പി. ചെറിയാന്‍
Newsimg1_96950666
വാഷിംഗ്ടണ്‍: ഏഴു മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കു താത്കാലിക പ്രവേശനാനുമതി നിഷേധിക്കുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ കോടതിയില്‍ അനുകൂലിക്കാന്‍ തയാറല്ല എന്നു പരസ്യമായി പ്രഖ്യാപിച്ച ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെ പിരിച്ചുവിട്ടുകൊണ്ട് ട്രംപ് ഉത്തരവിട്ടു. ജനുവരി 30-നു തിങ്കളാഴ്ച വൈകിട്ടാണ് ട്രംപിന്റെ ഉത്തരവുണ്ടായത്.

ഗവണ്‍മെന്റ് തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതിനു ബാധ്യസ്ഥയായ അറ്റോര്‍ണി ജനറല്‍ തന്റെ എതിര്‍പ്പ് മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി പ്രകടിപ്പിക്കാതെ രാജിവെച്ചു പോകേണ്ടതായിരുന്നു എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

ട്രംപ് നോമിനേറ്റു ചെയ്ത അറ്റോര്‍ണി ജനറലിന്റെ നിയമനം സെനറ്റ് അംഗീകരിക്കുവാന്‍ വൈകിയതിനാലാണ് താല്‍ക്കാലിക ചുമതല സാലിക്ക് നല്‍കിയിരുന്നത്.അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നല്‍കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രസിഡന്റ് ട്രമ്പ് തയ്യാറായപ്പോള്‍ അതിന് ധാര്‍മ്മികവും, നിയമപരവുമായ പിന്തുണ നല്‍കാതിരുന്നതു ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസിനെ ഒറ്റുകൊടുക്കുന്നതിന് സമമാണെന്ന് വൈറ്റ് ഹൗസില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സാലി യേറ്റ്സിനെ പിരിച്ചു വിട്ടതിന് പുറകെ താല്‍ക്കാലിക അറ്റോര്‍ണി ജനറലായി വെര്‍ജീനിയ ഇസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യു.എസ്. അറ്റോര്‍ണി ഡാനാ ബോണറ്റിനെ ട്രമ്പ് നിയമിച്ചു. പ്രസിഡന്റ് ഒബാമയാണ് സാലിയെ നിയമിച്ചിരുന്നത്. ഏതു പാര്‍ട്ടിയുടെ നോമിനിയായാലും പ്രസിഡന്റിന്റെ ഉത്തരവ് അനുസരിക്കാന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥരാണ്.