ട്രംപിന്റെ റേറ്റിങ്ങ് ഒബാമയുടെ അവസാന പ്രസംഗത്തേക്കാള്‍ മികച്ചത്

08:08 pm 2/3/2017

– പി.പി. ചെറിയാന്‍
Newsimg1_60386481
വാഷിങ്ടന്‍ : യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ട്രംപ് നടത്തിയ പ്രഥമ പ്രസംഗത്തിന്റെ റേറ്റിങ്ങ് 28.2 ആയിരുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തിനു ലഭിച്ചത് 22.6 റേറ്റിങ്ങായിരുന്നു.

എബിസി, സിബിഎസ്, ഫോക്‌സ്, എന്‍ബിസി, സിഎന്‍എന്‍ തുടങ്ങിയ ഏഴ് പ്രധാന നെറ്റ് വര്‍ക്കുകളുടെ പ്രാഥമിക കണക്കുകളിലാണ് ട്രംപിന്റെ റേറ്റിങ്ങിനെകുറിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്. 2009ല്‍ ഒബാമ യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രഥമ പ്രസംഗത്തിന്റെ റേറ്റിങ്ങിനൊപ്പമെത്താന്‍ ട്രംപിനായിട്ടില്ല. അന്നത്തെ ഒബാമയുടെ റേറ്റിങ്ങ് 33.2 ആയിരുന്നു.

അമേരിക്കയിലെ കേബിള്‍ ന്യൂസ് ട്രംപിന്റെ പ്രസംഗത്തെ മുക്തകണ്ഠം പ്രശംസിച്ചു. അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി അന്വര്‍ത്ഥമാക്കുന്ന പ്രസംഗമാണ് ട്രംപ് നടത്തിയതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ട്രംപിനെ ആരംഭം മുതല്‍ എതിര്‍ത്തിരുന്ന സിഎന്‍എന്‍ കോണ്‍ട്രിബ്യൂട്ടര്‍ വാന്‍ ജോണ്‍സനും ട്രംപിന്റെ പ്രസംഗത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.