08:27 am 29/1/2017

കയ്റോ: അമേരിക്കയിലേക്കു പോകുന്നതിനെത്തിയ ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ള ഏഴു യാത്രക്കാരെ കയ്റോ വിമാനത്താവളത്തിൽ തടഞ്ഞു. ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള വീസ നിഷേധത്തിന്റെ ഭാഗമായാണ് നടപടി. സിറിയ ഉൾപ്പെടെ ഏഴു ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസ നിഷേധിക്കാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണ് യാത്രക്കാരെ തടഞ്ഞത്.
ഇറാക്കിൽനിന്നുള്ള അഞ്ചു പേരെയും യെമനിൽനിന്നുള്ള ഒരാളെയുമാണ് തടഞ്ഞത്. ഇവർ കയ്റോയിൽനിന്നു ന്യൂയോർക്കിലേക്ക് പോകുകയായിരുന്നു. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ ഇറങ്ങാനുള്ളവരായിരുന്നു യാത്രക്കാർ. നിയമവിധേയമായ വീസയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. എന്നാൽ ഇവരെ ഈജിപ്ത് എയർ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.
ട്രംപ് വെള്ളിയാഴ്ച അഭയാർഥികൾക്കു താത്കാലിക വിലക്കേർപ്പെടുത്തുന്ന ഉത്തരവിൽ ഒപ്പുവച്ചിരുന്നു. ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് യുഎസ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഭീകരാക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കാനാണ് നീക്കമെന്നും ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണ് ഇതെന്നും ഉത്തരവില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പറഞ്ഞു.
