ട്രോളിങ് നിരോധം ഇന്ന് അവസാനിക്കും

10:50am 31/7/2016

download (3)
കൊല്ലം: സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധം ഞായറാഴ്ച അര്‍ധരാത്രി അവസാനിക്കും. വറുതിയുടെ നാളുകള്‍ പിന്നിട്ട് കടലില്‍ പോകാനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, കാര്യമായ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ നിരോധകാലയളവ് അവസാനിച്ചതിലുള്ള ആശ്വാസത്തിലാണ് അധികൃതര്‍ക്കൊപ്പം മത്സ്യമേഖലയും.
ജൂണ്‍ 14ന് അര്‍ധരാത്രിയാണ് ഈവര്‍ഷത്തെ ട്രോളിങ് നിരോധം ആരംഭിച്ചത്. മത്സ്യപ്രജനനം സംരക്ഷിക്കാന്‍ ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തില്‍ 1988ലാണ് ട്രോളിങ് നിരോധം സംസ്ഥാനത്ത് നടപ്പാക്കിയത്. ഞായറാഴ്ച അര്‍ധരാത്രി നീണ്ടകര പാലത്തിന്‍െറ സ്പാനുകളില്‍ ബന്ധിച്ചിരിക്കുന്ന ചങ്ങല മാറ്റുന്നതോടെ ബോട്ടുകള്‍ ചാകരതേടിയുള്ള കുതിപ്പ് തുടങ്ങും. ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളും ഈസമയം തുറക്കും.
അതിനിടെ, തീരസംരക്ഷണ ഭാഗമായി മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കിയതായി ഫിഷറീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബോട്ടുകളുടെ വീല്‍ ഹൗസിന് ഓറഞ്ച് നിറവും ഹള്ളിനും ബോഡിക്കും കടുംനീല നിറവുമാണ് നല്‍കേണ്ടത്. ഈ കളര്‍കോഡുള്ള ബോട്ടുകള്‍ക്കേ ഇനിമുതല്‍ ലൈസന്‍സും രജിസ്ട്രേഷനും ലഭിക്കൂ. ലൈസന്‍സ് പുതുക്കുന്നതും കളര്‍കോഡ് പരിശോധിച്ചായിരിക്കും.