ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപ്പെരുന്നാള്‍

07:56 pm 5/10/2016

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_12566485
ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപ്പെരുന്നാളും 39–ാം വാര്‍ഷികാഘോഷവും 2016 ഒക്ടോബര്‍ 14, 15, 16 (വെളളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവക മെത്രാപ്പൊലീത്താ യല്‍ദൊ മോര്‍ തീത്തോസിന്റെ മഹനീയ സാന്നിധ്യത്തില്‍ നടത്തും. ഒക്ടോബര്‍ 9(ഞായര്‍) വി. കുര്‍ബാനാനന്തരം വികാരി റവ. ഫാ. സാജന്‍ ടി. ജോണ്‍, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രജ്ജന്‍ മാത്യുവിന്റേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 14 (വെളളിയാഴ്ച) വൈകിട്ട് 7 നു ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. ക്രിസ്താബ്ദത്തിന്റെ ആദ്യ ദശകത്തില്‍ ജനിച്ച്, ക്രിസ്തുവിനായി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിച്ച ‘അപ്പോസ്‌തോലനായ പൗലോസ്’ എന്ന ധീര രക്തസാക്ഷിയുടെ ത്യാഗോജ്വലമായ ജീവിത കഥയുടെ നാടക ആവിഷ്കാരം ഈ വര്‍ഷത്തെ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ഏറ്റവും മികവാര്‍ന്ന ഒരിനമായിരിക്കും. 15നു (ശനി) വൈകിട്ട് 6.15 ന് അഭിവന്ദ്യ മെത്രാപ്പോലീത്തായെ ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി എന്നിവകളു മേന്തി, കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ പളളിയിലേക്ക് സ്വീകരിച്ച് ആനയിക്കും. 6.30 ന് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ റവ. ഫാ. യല്‍ദൊ പൈലി(സെന്റ് മേരീസ് ചര്‍ച്ച് ഡെന്‍വര്‍) വചന പ്രദിഷണവും നടത്തും. 16–ാം തിയതി (ഞായര്‍) രാവിലെ 8.15 ന് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ മുത്തുക്കുട, കൊടി, വര്‍ണ്ണക്കുട എന്നിവകളുമേന്തി, ചെണ്ട, വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ഭക്തി നിര്‍ഭരമായ ‘റാസ’ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. പളളി ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാളിനു മാറ്റുകൂട്ടും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി റവ. ഫാ. സാജന്‍ ടി. ജോണ്‍(വികാരി), റവ. ഫാ. ഡോ. രജ്ജന്‍ മാത്യു(അസിസ്റ്റന്റ് വികാരി) ബാബു സി. മാത്യു(വൈസ്പ്രസിഡന്റ്) ബാബു കുരിയാക്കോസ് (സെക്രട്ടറി) ജോസഫ് ജോര്‍ജ്(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പളളി മാനേജിംങ് കമ്മറ്റി, വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് രാജന്‍ ഫിലിപ്പോസ്, ജോണ്‍ ഫിലിപ്പോസ്, ലില്ലി വര്‍ഗീസ്, റെന്‍ജി ഫിലിപ്പോസ്, സാജു വര്‍ഗീസ് എന്നിവരും കുടുംബാംഗങ്ങളുമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് നടത്തുന്ന സ്‌നേഹ വിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകുമെന്നും കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചു.