ഡാളസ്സില്‍ നിന്നും പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റ് മരിച്ചു

06:48 pm 1/4/2017

– പി.പി. ചെറിയാന്‍


ഡാളസ്: ഡാളസ്സില്‍ നിന്നും ന്യൂ മെക്‌സിക്കോയിലേക്ക് പുറപ്പെട്ട വിമാനം ലാന്റ് ചെയ്യുന്നതിന് രണ്ടു മൈല്‍ അവശേഷിക്കെ പൈലറ്റ് കോക്ക് പിറ്റില്‍ ഗുരുതരാവസ്ഥയിലാണെന്ന സന്ദേശം ലഭിച്ചു. തുടര്‍ന്ന് മെഡിക്കല്‍ എമര്‍ജന്‍സി പ്രവര്‍ത്തകര്‍ ഗേറ്റിലെത്തി പ്രാഥമിക ചികില്‍സ നല്‍കിയിരുന്നു.

ബോയിങ്ങ് 737800 വിമാനം പറപ്പിച്ചിരുന്ന വില്യം മൈക്ക് ഗ്രമ്പസാണ് മരിച്ചതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് ഇന്ന് സ്ഥിരീകരിച്ചു.

വിമാനം അപകടം കൂടാതെ ലാന്റ് ചെയ്തു. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റില്ല എന്നും അധികൃതര്‍ വെളിപ്പെടുത്തി.

2015ല്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ഓഫീസര്‍ യാത്രക്കിടെ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഫിനിക്‌സില്‍ നിന്നും ബോസ്റ്റനിലേക്കായിരുന്നു വിമാനം യാത്ര ചെയ്തിരുന്നത്.

പൈലറ്റ് മരിച്ചുവെങ്കിലും കൊ.പൈലറ്റിന് വിമാനം ന്യൂയോര്‍ക്കില്‍ സുരക്ഷിതമായി ഇറക്കുന്നതിന് കഴിഞ്ഞു.

പൈലറ്റ് വില്യം മൈക്കിന്റെ മരണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് എയര്‍ലൈന്‍ സ്‌പോക്‌സ്മാന്‍ പോളി ട്രേയ്‌സി പറഞ്ഞു.