ഡി.ജി.പിക്കെതിരെയുള്ള വി.എസിന്റെ പ്രസ്താവന രാഷ്ട്രീയപ്രേരിതം: ചെന്നിത്തല

download

6:40pm

03/02/2016

തിരുവനന്തപുരം: ഫേസ്ബുക്ക് ഉപയോഗിച്ചു എന്നതിനെ ചെല്ലി ഡി.ജി.പിക്കെതിരായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാതനന്ദന്‍ നടത്തിയ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു വ്യക്തി സാമൂഹ്യമാധ്യമം ഉപയോഗിക്കരുതെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലാഅതു വ്യക്തി സ്വാതന്ത്രമാണ്. ഡി.ജി.പി ടി.പി സെന്‍കുമാറും എ.ഡി.ജി.പി ഹേമചന്ദ്രനും പ്രഗത്ഭരായ ഉദ്യോഗസ്ഥരാണ്. സോളാര്‍ രേഖകള്‍ നഷ്ടപ്പെട്ടു എന്ന പരാതിയില്‍ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട. അപകീര്‍ത്തിപ്പെടുത്തി യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലാണ് കുറ്റകൃത്യം ചെയ്യുന്നവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നത്. ക്രമസമാധാന പാലനത്തില്‍ സംസ്ഥാനം മുന്നിലാണ്. ഇത് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ക്രമസമാധാന നില തകരാറിലാണെന്ന് പറയുന്നത് ശരിയല്ല. ഓരോ വര്‍ഷവും കൊലപാതകങ്ങളുടെ നിരക്ക് കുറഞ്ഞുവരികയാണ്.

2014ല്‍ കൊലപാതകങ്ങളുടെ എണ്ണം 367 ആയിരുന്നെങ്കില്‍ 2015ല്‍ ഇത് 315 ആയി. കൊലപാതങ്ങള്‍ വര്‍ധിക്കുന്നു എന്ന വാദം ശരിയല്ല. തിരുവനന്തപുരത്ത് അടുത്തിടെ നടന്ന മൂന്ന് കൊലപാതകങ്ങളിലും 24 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഓപറേഷന്‍ കുബേര, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ കാര്യക്ഷമമായാണ് നടക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

കാസര്‍കോട് ജില്ലയോട് തനിക്ക് വിരോധമുണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നുണ്ട്. ഇത് ശരിയല്ല. ആലപ്പുഴ ജില്ല കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും അടുപ്പമുള്ള ജില്ലയാണ് കാസര്‍കോട്. പരാതി ലഭിച്ച ഉദ്യോഗസ്ഥനെ ഒഴിവ് അനുസരിച്ചാണ് കാസര്‍കോട് ജില്ലയിലേക്ക് മാറ്റിയത്.