07:49 am 15/4/2017
– മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡെന്‍വര്‍: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലുള്‍പ്പെട്ട ഡെന്‍വര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം ബുധനാഴ്ചയുണ്ടായ തീപിടുത്തത്തില്‍ കത്തി നശിക്കുകയും, വികാരി റവ.ഫാ. എല്‍ദോ പൈലിക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ അഗാധമായ ദുഖം രേഖപ്പെടുത്തി. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു.
അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ഇടവകയ്ക്കു നേരിട്ട ദാരുണ സംഭവത്തില്‍ ഇവടവകയുടെ ദുഖത്തോടൊപ്പം പങ്കുചേരുകയും, ഹാശാ ആഴ്ചയുടേതായ ശുശ്രൂഷകള്‍ മുടക്കംകൂടാതെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സഭാംഗങ്ങള്‍ ഇടവകയുടെ പുനരുദ്ധാരണത്തിനും, ആരാധന ഭംഗംവരാതെ നടത്തുന്നതിനുമായി പ്രാര്‍ത്ഥിക്കുകയും സഹകരിക്കുകയും ചെയ്യണമെന്നു അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.
ഇടവകയുടെ പുനരുദ്ധാനത്തിനും സുഗമമായ നടത്തിപ്പിനുമായി ഭാദ്രാസന കൗണ്‍സിലിന്റേതായ സര്‍വ്വ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി അറിയിച്ചു. കോപ്റ്റിക് ചര്‍ച്ച്, മാറോനൈറ്റ് ചര്‍ച്ച്, കാത്തലിക് ചര്‍ച്ച്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് പോള്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് എന്നിങ്ങനെയുള്ള വിവിധ സഹോദര ദേവാലയങ്ങളും, വിശ്വാസികളും, വി. ആരാധന പുനരാരംഭിക്കുന്നതിന് ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും അറിയിക്കുകയുണ്ടായി. ഡെന്‍വര്‍ ഹോറേബ് മാര്‍ത്തോമന്‍ ചര്‍ച്ചില്‍ വച്ചു ദുഖവെള്ളിയാഴ്ച, ഈസ്റ്റര്‍ ദിവസങ്ങളിലെ ശുശ്രൂഷകള്‍ നടത്തുന്നതാണെന്നു വികാരി റവ.ഫാ. എല്‍ദോ പൈലി അറിയിച്ചു. ഇടവകയുടെ പ്രതിസന്ധി ഘട്ടത്തില്‍ തുറന്ന മനസ്സോടെ സഹായ ഹസ്തവുമായി എത്തിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും വികാരി അറിയിച്ചു. വികാരിയുടേയും, ഷാജി കൂറുള്ളില്‍ (വൈസ് പ്രസിഡന്റ്), ജോണ്‍ വട്ടപ്പിള്ളില്‍ (സെക്രട്ടറി), മനോജ് ചാക്കോ (ട്രഷറര്‍) എന്നിവരുടേയും നേതൃത്വത്തില്‍ പള്ളി ഭരണസമിതി വി. ആരാധന മുടക്കംകൂടാതെ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
